പോക്‌സോ കേസിനു പിന്നിൽ ഗൂഢാലോചന: അഡ്വ. ബി എ ആളൂർ
ആളൂരിന്റെ ജൂനിയർ അഭിഭാഷകരായിരുന്നവരെ പ്രതി ചേർത്താണ് കേസ്
കൊച്ചി: തനിക്കെതിരെയുള്ള പോക്‌സോ കേസിനു പിന്നിൽ ഗൂഢാലോചനയെന്ന് അഡ്വ. ബി എ ആളൂർ. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആളൂർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ആളൂരിന്റെ ജൂനിയർ അഭിഭാഷകരായിരുന്നവരെ പ്രതി ചേർത്താണ് കേസ്.
കൈക്കൂലി വാങ്ങിയതിന് പുറത്താക്കിയ ജൂനിയർ അഭിഭാഷകർ ചേർന്ന് ഗൂഢാലോചന നടത്തി തന്നെ കള്ളകേസിൽ കുടുക്കിയെന്നാണ് ആളൂരിന്റെ ആരോപണം. പോക്‌സോ കേസിന് പുറമെ ചേർത്തല, തോപ്പുംപടി സ്വദേശികൾ നൽകിയ പരാതികളിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും ആളൂരിനെതിരെ സെൻട്രൽ പോലീസ് കേസെടുത്തിരുന്നു.
നേരത്തെ അഡ്വ. ബി.എ.ആളൂരിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് തന്നെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ കടന്നു പിടിച്ചു എന്നയിരുന്നു ഒടുവിലത്തെ പരാതി. മൂന്നാമത്തെ കേസായിരുന്നു ഫെബ്രുവരി 24ന് ആളൂരിനെതിരെ ചുമത്തപ്പെട്ടത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ രണ്ട് തവണ ആളൂരിനെതിരെ കേസെടുത്തിരുന്നു. ബിസിനസ് ആവശ്യത്തിന് അഞ്ച് ലക്ഷം നൽകിയെന്നും അത് തിരികെ ചോദിച്ചപ്പോൾ അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു രണ്ടാമത്തെ കേസ്. ഈ പരാതിക്കാരിക്കൊപ്പം ആളൂരിന്റെ ഓഫീസിലെത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു കേസ്.
Adjust Story Font
16