'ഫോണില്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയാണ്'; പിന്നില്‍ കൃത്യമായ ആസൂത്രണമെന്ന് മുകേഷ്
'കേരളത്തില്‍ എന്റെ അത്രയും ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല, ഫോണ്‍ ചാര്‍ജ് ചെയ്ത് ഒരുമണിക്കൂറുകൊണ്ടൊക്കെ ചാര്‍ജ് തീരുന്ന തരത്തില്‍ നിരന്തരം ഫോണ്‍കോളുകളാണ്'- മുകേഷ് പറഞ്ഞു
വിദ്യാര്‍ഥിയോട് കയര്‍ക്കുന്ന ഫോണ്‍ ശബ്ദരേഖ തന്റേതെന്ന് സ്ഥിരീകരിച്ച് എം.മുകേഷ് എം.എല്‍.എ. കുട്ടി നിരന്തരം വിളിച്ചത് തന്നെ കുടുക്കാനാണെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമാണെന്നും മുകേഷ് ആരോപിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.
'തെരഞ്ഞെടുപ്പിന് ശേഷം ചിലര്‍ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. ഫോണ്‍ ചാര്‍ജ് ചെയ്ത് ഒരുമണിക്കൂറുകൊണ്ടൊക്കെ ചാര്‍ജ് തീരുന്ന തരത്തില്‍ നിരന്തരം ഫോണ്‍കോളുകളാണ്. ചിലര്‍ക്ക് ട്രെയിന്‍ വൈകുന്നതിന്റെ കാരണം അറിയണം, ചിലര്‍ വൈദ്യുതി ഇല്ലെന്ന് പറയുന്നു. ഇതൊക്കെ കൃത്യമായ ആസൂത്രണത്തോടെയാണ്. കേരളത്തില്‍ എന്റെ അത്രയും ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുന്ന ആളെ ഞാന്‍ കണ്ടിട്ടില്ല, എടുക്കാന്‍ പറ്റിയില്ലെങ്കിലും തിരിച്ച് വിളിക്കുന്ന ആളും ഞാനായിരിക്കും. ഫോണ്‍കോളുകളില്‍ നിന്നും ഒളിച്ചോടാത്ത ആളാണ് ഞാന്‍. സൂം മീറ്റിങിലാണ്, പിന്നെ വിളിക്കൂ എന്ന് ആ കുട്ടിയോട് പറഞ്ഞതാണ്. തുടര്‍ച്ചയായി ആറ് തവണ വിളിച്ചപ്പോള്‍ സൂം മീറ്റിങ് കട്ടായിപ്പോയി. എന്നെ വിളിച്ച മോന്‍ നിഷ്‌കളങ്കന്‍ ആണെങ്കില്‍ എന്തിന് റെക്കോര്‍ഡ് ചെയ്തു, ആറുതവണ എന്തിന് വിളിച്ചു. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ല.' മുകേഷ് പറഞ്ഞു.
തന്റെ ഓഫീസില്‍ നിന്നാണ് എന്നുപറഞ്ഞ് പല സ്ഥലങ്ങളിലും വിളിച്ച് മോശമായി സംസാരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുകേഷിനെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി. സഹായം അഭ്യർത്ഥിച്ച കുട്ടിയെ ഭീഷണിപ്പെടുത്തിയതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരാണ് പരാതിക്കാരൻ.
സഹായം അഭ്യർത്ഥിച്ചു വിളിച്ച കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും തളർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കൊല്ലം എംഎൽഎ മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് എംഎസ്എഫ് കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ എംഎൽഎക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് നേതൃത്വം നൽകുമെന്ന് ലത്തീഫ് തുറയൂർ പറഞ്ഞു.
ജനപ്രതിനി എന്ന നിലയിൽ സഹായം അഭ്യർത്ഥിച്ച് വിളിച്ച പത്താംക്ലാസുകാരനോട് കൊല്ലം എംഎൽഎ മുകേഷ് മോശമായി സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുകയാണ്. ഒന്നിലധികം തവണ ഫോൺ വിളിച്ചു എന്നതിന്റെ പേരിൽ കേവലം പത്താംക്ലാസിൽ പഠിക്കുന്ന കുട്ടിയെ ഭീഷണിപ്പെടുത്തുന്ന എംഎൽഎ ഇനി വിളിച്ചാൽ കരണക്കുറ്റി അടിച്ചുപൊട്ടിക്കുമെന്നും ചൂരൽകൊണ്ട് അടിക്കുമെന്നുമൊക്കെയാണ് പറയുന്നത്. ഒരു കുട്ടിയോട് കാണിക്കേണ്ട സാമാന്യമായ മനുഷ്യത്വമോ കരുണയോ കാട്ടാതെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്ന മുകേഷിന് സാധാരണ മനുഷ്യന്റെ കരുണയും സ്‌നേഹവാസനയും മര്യാദയുമില്ലെന്നത് ഖേദകരമാണെന്നും പരാതിയിൽ പറയുന്നു.
Adjust Story Font
16