മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം ഭാരത് ബെൻസിന്റെ പുത്തൻ ബസിൽ; ചെലവ് 80 ലക്ഷത്തോളം
മിനി കിച്ചൺ, മീറ്റിങ് കൂടാൻ റൗണ്ട് ടേബിൾ, മുഖ്യമന്ത്രിക്ക് പ്രത്യേക കാബിൻ, പ്രാഥമിക ആവശ്യങ്ങൾക്ക് ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങൾ ബസിലുണ്ടാകും.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെയും മണ്ഡല പര്യടനം ഭാരത് ബെൻസിന്റെ പുത്തൻ ബസിൽ. ബസിനുള്ളിൽ നൂതന സംവിധാനങ്ങളാണ് തയ്യാറാക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി പ്രത്യേക കാബിനും ബസിനുള്ളിലുണ്ട്. സ്വിഫ്റ്റിന് കീഴിലെ ഹൈബ്രിഡ് ബസ് മണ്ഡല പര്യടനത്തിന് ഒരുക്കാമെന്ന് ഉദ്ദേശിച്ചിരുന്നെങ്കിലും പുത്തൻ ബസ് തന്നെ വാങ്ങുകയായിരുന്നു.
140 മണ്ഡലങ്ങളിലൂടെ ഒരു മാസവും ഒരാഴ്ചയും നീണ്ടുനിൽക്കുന്നതാണ് യാത്ര. കാറുകളുപേക്ഷിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ കയറുകയാണ്. ഭാരത് ബെൻസിന്റെ ബസ് ബംഗളുരുവിൽ നിർമാണത്തിലാണ്. സിനിമകളിൽ മാത്രം കാണുന്ന സൌകര്യങ്ങളാണ് ബസിനുള്ളിൽ ഒരുക്കുന്നത്. അത്യാവശ്യം കാപ്പിയും ചായയുമിടാൻ മിനി കിച്ചൺ, മീറ്റിങ് കൂടാൻ റൗണ്ട് ടേബിൾ, മുഖ്യമന്ത്രിക്ക് പ്രത്യേക കാബിൻ, പ്രാഥമിക ആവശ്യങ്ങൾക്ക് ബാത്ത് റൂം. 80 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് ലഭ്യമായ വിവരം. എന്നാൽ ബസ് ഏതാകുമെന്നത് ഇപ്പോഴും സസ്‌പെൻസാക്കി വെക്കുകയാണ് ഗതാഗത മന്ത്രി.
അടുത്ത മാസം 18 മുതലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല പര്യടനം തുടങ്ങുന്നത്. യാത്ര കെ.എസ്.ആർ.ടി.സിയുടെ ബസിലെന്ന വിവരം ആദ്യമേ പുറത്തു വന്നു. കെ.എസ്.ആർ.ടി.സിയുടെ പുതിയ ബസുകളുടെ പ്രായം പോലും ഏഴ് വർഷമാണ്. കിഫ്ബി വഴി സ്വിഫ്റ്റിന് വാങ്ങിയ ബസുകൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് കരാർ. ഇതോടെയാണ് സ്വിഫ്റ്റിലെ ജീവനക്കാരുടെ ഡപ്പോസിറ്റ് തുക ഉപയോഗിച്ച് വാങ്ങിയ സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ബസ് ഇതിനായി ഉപയോഗിക്കാമെന്ന് ഉദ്ദേശിച്ചത്. എന്നാൽ പുതിയ ബസാക്കാമെന്ന് പിന്നീട് തീരുമാനം മാറ്റി. എം.എൽ.എമാരുടെയും മണ്ഡലത്തിലെ പൗരപ്രമുഖരുടെയും യാത്ര ഹൈബ്രിഡ് ബസിലെന്നാണ് സൂചന.
Adjust Story Font
16