Quantcast

വീണ്ടും മതവിദ്വേഷ പോസ്റ്റുകൾ; യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരെ കോടതിയലക്ഷ്യ നടപടി; നേരിട്ട് ഹാജരാകണം

കോടതി നിർദേശത്തെ തുടർന്ന് നേരത്തെ വിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ അറിയിച്ചിരുന്നെങ്കിലും ഇത് ലംഘിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-10-23 17:09:11.0

Published:

23 Oct 2024 4:47 PM GMT

Contempt of court action against rationalist leader Arif Hussain over Hate Spread Post Again
X

കൊച്ചി: മതവിദ്വേഷവും സാമൂഹികസ്പർധയും വളർത്തുന്ന സാമൂഹികമാധ്യമ പോസ്റ്റുകളിൽ യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി. മതവിദ്വേഷ പോസ്റ്റുകൾ തുടരുന്നത് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിൽ ആരിഫ് ഹുസൈന് ഹൈക്കോടതി നോട്ടീസയച്ചു. നവംബർ 13ന് നേരിട്ട് ഹാജരാകണമെന്നാണ് ജസ്റ്റിസ് വി.ജി അരുണിന്റെ ഉത്തരവ്.

സാമൂഹികമാധ്യമങ്ങൾ വഴി നിരന്തരം ഇസ്‌ലാം, ക്രിസ്ത്യൻ വിശ്വാസികളെ അപമാനിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന ആരിഫ് ഹുസൈനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഈരാറ്റുപേട്ട സ്വദേശി എൻ.എം നിയാസ് നേരത്തെ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജി പരിഗണിക്കവേ, മതവിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ കോടതി ആരിഫ് ഹുസൈനോട് നിർദേശിച്ചിരുന്നു.

വിഷയത്തിൽ കേസെടുത്തതായി ഈരാറ്റുപേട്ട പൊലീസും കോടതിയെ അറിയിച്ചു. ഇതോടെ, വിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ കോടതിയെ അറിയിക്കുകയും തുടർന്ന് ഹരജി വിധി പറയാൻ നവംബർ നാലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

എന്നാൽ വിദ്വേഷ പോസ്റ്റുകൾ മനഃപൂർവം നിലനിർത്തി കോടതി നിർദേശം ലംഘിക്കുകയും വീണ്ടും ഇസ്‌ലാമിനെ അവഹേളിക്കുകയും അതുവഴി മുസ്‌ലിംകളുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന പോസ്റ്റ് ഇയാൾ പ്രസിദ്ധീകരിച്ചതായും ഇതോടെ ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചതായും ഉത്തരവിൽ പറയുന്നു.

ഈ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇന്നത്തെ ഇടക്കാല ഉത്തരവ്. ആരിഫ് ഹുസൈന് നോട്ടീസയക്കാൻ നിർദേശിച്ച ഹൈക്കോടതി, കോടതിയലക്ഷ്യ നടപടിയിൽ നവംബർ 13ന് നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു. നേരത്തെ, ഐപിസി 153, 295-എ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഹരജിക്കാരന് വേണ്ടി അഡ്വ. ബി കലാം പാഷ ഹാജരായി.



TAGS :

Next Story