കോടതിയലക്ഷ്യക്കേസ്; പരസ്യമായി മാപ്പ് പറയണമെന്ന് കോടതി, ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്ന് ബൈജു കൊട്ടാരക്കര
വിചാരണക്കോടതി ജഡ്ജിയെ ആക്ഷേപിക്കാനോ ജുഡീഷ്യറിയെ അപമാനിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് മുമ്പ് ബൈജു കൊട്ടാരക്കര കോടതിയില്‍ പറഞ്ഞിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിക്കെതിരെ അപകീർത്തിപരമായ പരാമര്‍ശം നടത്തിയ ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി നവംബർ 15 ലേക്ക് മാറ്റി. പരസ്യമായി മാപ്പ് പറയണമെന്ന് കോടതി നിർദേശം നൽകി. ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്ന് ബൈജു കൊട്ടാരക്കര കോടതിയെ അറിയിച്ചു.
വിചാരണക്കോടതി ജഡ്ജിയെ ആക്ഷേപിക്കാനോ ജുഡീഷ്യറിയെ അപമാനിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് മുമ്പ് ബൈജു കൊട്ടാരക്കര കോടതിയില്‍ പറഞ്ഞിരുന്നു. മാപ്പപേക്ഷ രേഖാമൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ചാനല്‍ ചര്‍ച്ചയില്‍ വിചാരണക്കോടതിക്കെതിരേ നടത്തിയ പരാമര്‍ശത്തിന്‍റെ പേരിലാണ് കോടതിയലക്ഷ്യ നടപടി. വിചാരണക്കോടതി ജഡ്ജിയെയും നീതി സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ബൈജുവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നല്‍കിയിരിക്കുന്ന ചാര്‍ജ് ഷീറ്റില്‍ പറയുന്നു. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയുമാണ് ചോദ്യംചെയ്യുന്നത്. ഇത് വിചാരണ നടപടികളെ സംശയനിഴലിലാക്കുന്നതാണ്. നീതിനിര്‍വഹണ സംവിധാനത്തിന്‍റെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണിത്. ബൈജുവിന്‍റെ അഭിപ്രായങ്ങള്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അധികാരം കുറയ്ക്കുന്നതുമാണെന്നും ചാര്‍ജ് ഷീറ്റില്‍ പറഞ്ഞിരുന്നു.
Adjust Story Font
16