മലയോര മേഖലകളിലേക്കുള്ള സഞ്ചാരം വേണ്ട, ബീച്ചിലേക്കും വിലക്ക്: 14 ജില്ലകളിലും കൺട്രോൾ റൂം
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും റവന്യൂ വകുപ്പ് കൺട്രോൾ റൂം തുറന്നു. 24 മണിക്കൂർ കൺട്രോൾ റൂമിന്റെ നമ്പർ: 0483 2736696, 7907000922. -
ജില്ലാ കൺട്രോൾ റൂം നമ്പറുകൾ:
എറണാകുളം- 0484-2423513, 9400021077
പത്തനംതിട്ട - 0468-2322515, 807808915,
മലപ്പുറം - 0483- 2736320, 9383464212
തൃശൂർ - 0487-2362424 , 9447074424
അതേസമയം, അതിശക്തമായ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടാകുന്നത്. കോട്ടയത്തും കൊല്ലത്തും മരം വീണ് വീടുകൾ തകർന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. എറണാകുളത്തും തൃശൂരും ദേശീയ പാതയിലേക്ക് മരങ്ങൾ കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. കോട്ടയം വെച്ചൂർ ഇടയതാഴത്ത് വീട് ഇടിഞ്ഞ് വീണ് അപകടമുണ്ടായി. ഇടയാഴം സ്വദേശി സതീശന്റെ വീടാണ് ഇന്നലെ രാത്രി ഇടിഞ്ഞു വീണത്.
വൈക്കം തലയാഴം പഞ്ചായത്തിൽ പാടശേഖരത്ത് മടവീണ് മോട്ടോർ പുരയും കൽക്കെട്ടും തകർന്നു.കൊല്ലം കുണ്ടറയിലും പുനലൂരും മരം വീണ് വീടുകൾ തകർന്നു.കൊല്ലം- ചെങ്കോട്ട റെയിൽ പാതയിൽ മരം വീണ് വൈദ്യുത ലൈനിന് കേട്പാടുകൾ സംഭവിച്ചതിനാൽ ഇന്നത്തെ കൊല്ലം - പുനലൂർ, പുനലൂർ - കൊല്ലം മെമു ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി.
അഴീക്കലിൽ കക്ക വാരികയായിരുന്ന തൊഴിലാളിയുടെ ചെറുവള്ളം മുങ്ങി. ക്ലാപ്പന സ്വദേശി ബാബു നീന്തി രക്ഷപ്പെട്ടു. തിരുവനന്തപുരം മംഗലപുരം കാരമൂടിനു സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു.പത്തനംതിട്ട മണിയാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ 70 സെ.മീ വീതം ഉയർത്തി.
പത്തനംതിട്ട കോട്ടാങ്ങലിൽ കിണർ ഇടിഞ്ഞു താണു.ഇടുക്കിയിൽ ഹൈറേഞ്ചിലും ലോ റേഞ്ചിലും ശക്തമായ മഴ തുടരുകയാണ്. ഉടുന്പൻചോല രാജാക്കണ്ടത്ത് കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നു. റെഡ് അലർട്ട് തുടരുന്ന ജില്ലയിൽ NDRF സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലും മഴയ്ക്ക് ശമനമില്ല. ചേർത്തല, കുട്ടനാട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
ശക്തമായ മഴയിൽ ചേർത്തല കാളികുളത്ത് തെങ്ങൊടിഞ്ഞു വീണ് വ്യാപാര ശാല ഭാഗികമായി തകർന്നു.തൃശൂർ പെരിങ്ങാവിൽ കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണ് ഷൊർണൂർ റോഡിൽ ഗതാഗതം തടസപ്പെട്ടു. എറണാകുളം ജില്ലയിലും അതിശക്തമായ മഴ തുടരുകയാണ്.
കളമശ്ശേരി മഞ്ഞുമ്മലിലും,പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപവും പാലാരിവട്ടത്തും കുന്പളം ടോൾ പ്ലാസക്ക് സമീപവും മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസം ഉണ്ടായി.
എടത്തല പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കനത്ത മഴയിൽ വീടിന്റെ മതിൽ പൂർണമായും തകർന്നു. നായരന്പലത്ത് കടലാക്രമണവും രൂക്ഷമാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ താൽക്കാലികമായി ഖനനത്തിന് നിരോധനം ഏർപ്പെടുത്തി.
വടക്കൻ ജില്ലകളിലും ശക്തമായ മഴയാണ് പെയ്യുന്നത്. കാസർകോട് ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോരമേഖലയിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ജില്ലാ കലക്ടർ നിർദേശിച്ചു.
മൃഗസംരക്ഷണ വകുപ്പും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കാലവർഷം ശക്തമായ സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ടം റിപ്പോർട്ട് ചെയ്യാൻ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.യു അബ്ദുൾ അസീസ് അറിയിച്ചു.
മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് മഴക്കെടുതിമൂലമുള്ള നാശനഷ്ടങ്ങൾ 0483 2736696, 7907000922 എന്നീ നമ്പറുകളിൽ അറിയിക്കാം.
തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, ബീച്ചിലേക്കുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. മഴ തുടരുന്നതിനാലും ഇന്ന് ( ജൂലൈ നാല്) ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിരോധനം.
Adjust Story Font
16