അതിര്‍ത്തി കടക്കാന്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക; ഗുരുതര രോഗികള്‍ക്ക് മാത്രം ഇളവ്
കര്‍ണാടകയെ ചികിത്സയ്ക്കായി ആശ്രയിക്കുന്ന എല്ലാ രോഗികൾക്കും കോവിഡ് പരിശോധന ഫലമില്ലാതെ അതിർത്തി കടക്കാന്‍ നേരത്തെ അനുവാദമുണ്ടായിരുന്നു.
അതീവ ഗുരുതരമല്ലാത്ത രോഗികൾക്കും കർണാടക അതിർത്തിയിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഗുരുതര രോഗമുള്ളവരെ മാത്രമേ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ അതിർത്തി കടത്തിവിടുകയുള്ളൂവെന്ന് ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മീഷണർ അറിയിച്ചു. നേരത്തെ, ചികിത്സയ്ക്കായി കര്‍ണാടകയിലേക്ക് പോകുന്ന എല്ലാ രോഗികൾക്കും കോവിഡ് പരിശോധന ഫലമില്ലാതെ അതിർത്തി കടക്കാമായിരുന്നു.
ദക്ഷിണ കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണം അതിർത്തി കടന്നെത്തുന്ന അയൽസംസ്ഥാന യാത്രക്കാരാണെന്ന നിഗമനത്തെത്തുടർന്നാണ് കർണാടക സർക്കാർ യാത്രാ നിയന്ത്രണം കർശനമാക്കിത്തുടങ്ങിയത്. ഇതോടെ കർണാടകയെ ചികിത്സക്കായി ആശ്രയിക്കുന്ന രോഗികളും അവിടത്തെ കോളജുകളിൽ പഠിക്കുന്നതും പരീക്ഷയെഴുതാന്‍ പോകുന്നതുമായ വിദ്യാർഥികളുമാണ് പ്രതിസന്ധിയിലായത്.
തിങ്കളാഴ്ച രാവിലെ മുതൽ കർശന നിയന്ത്രണമാണ് അതിര്‍ത്തിയില്‍ നടപ്പിലാക്കിത്തുടങ്ങിയത്. ഒരു ഡോസ് വാക്സിനെടുത്തവരെ കഴിഞ്ഞ 15 ദിവസമായി കടത്തിവിട്ടിരുന്നെങ്കിലും തിങ്കളാഴ്ച മുതൽ രണ്ട് ഡോസ് വാക്സിൻ എടുത്തവരെയും തടഞ്ഞു. 72 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് മാത്രമാണ് അതിർത്തി കടത്തിവിടാനുള്ള മാനദണ്ഡമായി കർണാടക സർക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.
ആര്.ടി.പി.സി.ആര് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെയെത്തിയ നിരവധിയാളുകളെയാണ് ഇന്നും തലപ്പാടിയിൽ നിന്നും മടക്കി അയച്ചത്. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് വിദേശ യാത്രയ്ക്ക് പോലും അനുമതി നൽകുമ്പോൾ കർണ്ണാടക യാത്ര തടയുന്നത് നീതികേടാണെന്നാണ് യാത്രക്കാരുടെ പ്രതികരണം. അതേസമയം, തലപ്പാടിയിൽ കേരളത്തിന്റെ ആര്.ടി.പി.സി.ആര് പരിശോധന കേന്ദ്രം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. വാളയാറില്‍ കർശന പരിശോധനയാണ് തമിഴ്നാട് നടത്തുന്നത്. ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ശേഷം മാത്രമാണ് സംസ്ഥാനത്തേക്ക് കടത്തിവിടുന്നത്.
Adjust Story Font
16