പള്ളികളിൽ വിവാദ സർക്കുലർ: മയ്യിൽ എസ്എച്ച്ഒയെ സ്ഥലം മാറ്റി
തലശ്ശേരി കോസ്റ്റൽ സ്റ്റേഷനിലേക്കാണ് മാറ്റം
കണ്ണൂർ: കണ്ണൂർ മയ്യിലിൽ പള്ളികളിൽ വിവാദ സർക്കുലർ വിതരണം ചെയ്ത മയ്യിൽ എസ്എച്ച്ഒ ബിജു പ്രകാശിനെ സ്ഥലം മാറ്റി. തലശ്ശേരി കോസ്റ്റൽ സ്റ്റേഷനിലേക്കാണ് മാറ്റിയത്. സർക്കാരിനെതിരെ തെറ്റായ പ്രചരണം നടക്കുന്നു എന്നും സർക്കാർ കാഴ്ചപ്പാടിന് വിരുദ്ധമാണ് നോട്ടീസെന്നും ചൂണ്ടിക്കാണിച്ചാണ് ചുമതലയിൽ നിന്ന് മാറ്റിയത്. ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നുവെന്ന അഭിപ്രായം സർക്കാരിനില്ല. നോട്ടീസ് അനവസരത്തിലുള്ളതാണ്. സർക്കാർ നയം ഉദ്യോഗസ്ഥൻ മനസിലാക്കിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വെള്ളിയാഴ്ച പ്രാർഥനകൾക്കു ശേഷം സാമുദായിക സൗഹാർദം തകർക്കുന്ന പ്രഭാഷണം പാടില്ലെന്നായിരുന്നു മയ്യിൽ പൊലീസിന്റെ സർക്കുലർ. പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മയ്യിൽ പൊലീസ് പള്ളികൾക്ക് നോട്ടീസ് നൽകിയത്. മത പ്രഭാഷണം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലാകരുതെന്ന നിർദേശമാണ് നോട്ടീസിലുള്ളത്.
കമ്മീഷണർ വിശദീകരണം ചോദിച്ചതോടെ തനിക്ക് പിഴവ് പറ്റിയെന്ന് വ്യക്തമാക്കി എസ്.എച്ച്.ഒ രംഗത്തെത്തി. നബി വിരുദ്ധ പരാമർശ വിവാദ സമയത്ത് ജില്ലയിൽ ഇമാം കൗൺസിലിന്റെ പ്രതിഷേധം ഉണ്ടായിരുന്നു. മറ്റ് പ്രശ്നങ്ങളുണ്ടാകാതെ നോക്കണം എന്ന കമ്മീഷണറുടെ മുന്നറിയിപ്പ് കിട്ടി. മഹല്ല് കമ്മറ്റികൾക്ക് വാക്കാൽ നിർദ്ദേശം നൽകാനായിരുന്നു കമ്മീഷണർ അറിയിച്ചത്. എന്നാൽ നോട്ടീസ് നൽകിയത് ശരിയായില്ലെന്നും എസ്.എച്ച്.ഒ വിശദീകരിച്ചു.
Adjust Story Font
16