'എനിക്കെന്ത് തരും..'; നിയമനം നൽകാൻ തനിക്ക് വഴങ്ങണമെന്ന് ഫിഷറീസ് ഉദ്യോഗസ്ഥൻ, വിവാദ ഫോൺ സംഭാഷണം
വകുപ്പിലെ മറ്റ് രണ്ട് പോസ്റ്റുകൾ ജില്ലാ ഓഫീസറായ ആഷിഖിന് ഇഷ്‌ടപ്പെട്ട പെൺകുട്ടികൾക്ക് നൽകാനുള്ളതാണെന്നും സുജിത് കുമാർ
വയനാട്: വയനാട് ഫിഷറീസ് വകുപ്പിലെ അനധികൃത നിയമനത്തിൽ ഫിഷറീസ് ഓഫീസറുടെ വിവാദ ഫോൺ സംഭാഷണം പുറത്ത്. നിയമനം നൽകാൻ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് കാരാപ്പുഴ മൽസ്യബന്ധന ഓഫീസിലെ ഫിഷറീസ് ഓഫീസറായിരുന്ന സുജിത്ത് കുമാർ ആവശ്യപ്പെട്ടു. നിയമനത്തിന് പണവും പാരിതോഷികങ്ങളും ആവശ്യപ്പെടുന്ന സംഭാഷണം മീഡിയാ വണ്ണിന് ലഭിച്ചു.
കഴിഞ്ഞ ആഗസ്ത് 23-ാം തീയതിയായിരുന്നു സംഭവം. നിയമനം കിട്ടാൻ തനിക്ക് എന്ത് കിട്ടുമെന്നാണ് സുജിത് കുമാർ ഉദ്യോഗാർത്ഥിയോട് ചോദിക്കുന്നത്. വകുപ്പിലെ മറ്റ് രണ്ട് പോസ്റ്റുകൾ ജില്ലാ ഓഫീസറായ ആഷിഖിന് ഇഷ്‌ടപ്പെട്ട പെൺകുട്ടികൾക്ക് നൽകാനുള്ളതാണെന്നും ബാക്കിയുള്ള ഒരു പോസ്റ്റിൽ യുവതിയെ നിയമിക്കണമെങ്കിൽ തനിക്ക് എന്ത് ഗുണമാണ് ലഭിക്കുക എന്നും സുജിത് കുമാർ ചോദിക്കുന്നുണ്ട്.
പിന്നാലെ, സുജിത് കുമാർ ഒരു ലക്ഷം രൂപ ആവശ്യപ്പെടുന്നതും സംഭാഷണങ്ങളിൽ വ്യക്തമാണ്. പണം നൽകാൻ യുവതി വിസമ്മതിച്ചതോടെ മറ്റെന്ത് തരുമെന്നായി സുജിത് കുമാർ. സംഭവത്തിൽ യുവതി പരാതി നൽകിയതിനെ തുടർന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീപീഡന വകുപ്പുകൾ അനുസരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തട്ടിട്ടും സുജിത് കുമാറിനെതിരെ കടുത്ത നടപടികളൊന്നും എടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. വെറുമൊരു സ്ഥലംമാറ്റത്തിലൂടെ സംഭവം ഒതുക്കി തീർക്കാനായിരുന്നു ശ്രമം. കാരാപ്പുഴ മൽസ്യബന്ധന ഓഫീസിലെ ഫിഷറീസ് ഓഫീസറായിരുന്ന സുജിത് കുമാറിനെ ഇയാളുടെ സ്വദേശമായ കണ്ണൂരിലേക്കാണ് സ്ഥലംമാറ്റിയത്.
ഫിഷറീസ് വകുപ്പിൽ യോഗ്യതാ മാനദണ്ഡങ്ങൾ അട്ടിമറിച്ചുകൊണ്ട് കരാർ നിയമനം നടക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ യുവതിയുമായി ഫോണിൽ ബന്ധപ്പെട്ട ഫിഷറീസ് ജില്ലാ ഓഫീസർ ആഷിഖ് ബാബു നിയമനം ലഭിക്കണമെങ്കിൽ സുജിത് കുമാറിനെതിരായ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതോടെ നിയമനമില്ലെന്ന് അറിയിക്കുകയും പുതിയ ലിസ്റ്റ് പുറത്തിറക്കുകയും ചെയ്തു. തുടർന്ന്, യോഗ്യതയുണ്ടായിട്ടും നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Adjust Story Font
16