വിവാദ പരാമർശം: എം.കെ രാഘവനോട് കെ.പി.സി.സി വിശദീകരണം തേടും
പാർട്ടി വെറും പുകഴ്ത്തലിന്റെ വേദിയായി മാറിയെന്നും സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണം എന്നുമായിരുന്നു എംകെ രാഘവന്റെ വിമർശനം
പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ച എം.കെ.രാഘവൻ എം.പിയോട് കെ.പി.സി.സി വിശദീകരണം തേടും. വിവാദ പ്രസംഗത്തെക്കുറിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു.
ഇന്നലൊണ് എം.കെ രാഘവൻ കോഴിക്കോട് വെച്ച് വിവാദ പ്രസംഗം നടത്തിയത്. വിമർശനവും വിയോജിപ്പും ഇല്ലാതെ പാർട്ടി വെറും പുകഴ്ത്തലിന്റെ വേദിയായി മാറിയെന്നും സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണം എന്നുമായിരുന്നു എംകെ രാഘവന്റെ വിമർശനം. പാർട്ടിയിൽ ജനാധിപത്യമില്ലെന്നും രാജാവ് നഗ്നനാണെന്ന് പറയാൻ ആരുമില്ലെന്നുമടക്കമുള്ള ആരോപണങ്ങളും എം.കെ രാഘവൻ ഉന്നയിച്ചിരുന്നു. തുടർന്നാണ് ഇന്നലെ രാത്രി തന്നെ ഡി.സി.സി പ്രസിഡന്റ് വിശദീകരണം നൽകിയത്. അനവസരത്തിൽ അനൗചിതമായ പ്രസ്താവനയാണ് എം.കെ രാഘവന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് പ്രവീൺകുമാറിന്റെ വിശദീകരണം. വിഴുപ്പലക്കലിനെ പരസ്യമായി പ്രോത്സാഹിപ്പിക്കാനുള്ള ആരോഗ്യം പാർട്ടിക്കിപ്പോൾ ഇല്ല എന്നും വിശദീകരണത്തിൽ ഡിസിസി കൂട്ടിച്ചേർത്തിരുന്നു.
സംഭവത്തിൽ കെ.പി.സി.സി എന്ത് നടപടിയെടുക്കുമെന്നത് നിർണായകമാകും. ശശി തരൂർ എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ കൊടുത്തത് മുതൽ അദ്ദേഹത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചയാളാണ് എം.കെ രാഘവൻ. തരൂരിന്റെ കേരളത്തിലെ പര്യടനങ്ങളുടെയൊക്കെ സൂത്രധാരനായി പ്രവർത്തിച്ചിരുന്നതും രാഘവനായിരുന്നു. അതുകൊണ്ടു തന്നെ ഇദ്ദേഹത്തിനോട് നേരത്തേ തന്നെ പാർട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഈ അതൃപ്തി നടപടിയിൽ പ്രതിഫലിക്കുമോ എന്നതാണ് പ്രധാനപ്പെട്ട കാര്യം.
Adjust Story Font
16