വിവാദത്തിന് തിരി കൊളുത്തി സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം; പണം സ്വീകരിക്കരുതെന്ന് മേല്‍ശാന്തിമാര്‍ക്ക് നിര്‍ദേശം
വിഷു ദിനത്തിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് നൽകാൻ ഒരു രൂപയുടെ 1000 നോട്ടുകളാണ് സുരേഷ് ഗോപി നൽകിയത്
തൃശൂര്‍: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വിഷുക്കൈനീട്ടം നൽകാനായി നടന്‍ സുരേഷ് ഗോപി മേൽശാന്തിയെ പണം ഏല്‍പിച്ചത് വിവാദത്തിൽ. ദർശനത്തിനെത്തുന്നവർക്ക് നൽകാൻ ശാന്തിക്കാർ വ്യക്തികളിൽ നിന്ന് പണം സ്വീകരിക്കരുതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉത്തരവിറക്കി.
വിഷു ദിനത്തിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് നൽകാൻ ഒരു രൂപയുടെ 1000 നോട്ടുകളാണ് സുരേഷ് ഗോപി നൽകിയത്. തൃശൂർ ജില്ലയുടെ വിവിധ ഇടങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബി.ജെ.പി വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ വടക്കുംനാഥ ക്ഷേത്രത്തിൽ മേൽശാന്തിക്ക് പണം നൽകിയതാണ് വിവാദത്തിലായത്. സംഭവം അറിഞ്ഞ തൃശൂർ എം.എൽ.എ പി.ബാലചന്ദ്രനും ജില്ലയിലെ സി.പി.ഐ, സി.പി.എം നേതാക്കളും ദേവസ്വം അധികൃതരെ പ്രതിഷേധം അറിയിച്ചു. വിഷുക്കൈനീട്ടത്തിന് രാഷ്ട്രീയ മാനം കൈവന്നതോടെ കൊച്ചിൻ ദേവസ്വം ബോർഡ് ശാന്തിമാർക്ക് കർശന നിർദേശം നൽകി. സുരേഷ് ഗോപിയുടെ പേരെടുത്ത് പറയാതെയാണ് ഉത്തരവിറക്കിയതെങ്കിലും, ചില വ്യക്തികൾ വിഷുക്കൈനീട്ടത്തിന്‍റെ പേരിൽ ക്ഷേത്രത്തെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് നടപടിയെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കുന്നു.
Adjust Story Font
16