മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി; മൂന്ന് വർഷത്തിനിടെ സിഎംആർഎൽ നല്‍കിയത് 1.72 കോടി രൂപ
സേവനങ്ങൾ നൽകാതെയാണ് വീണാ വിജയന് പണം നൽകിയതെന്നും ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് സി.എം.ആർ എൽ പണം നൽകിയത് രാഷ്ട്രീയ വിവാദമാകുന്നു. 1.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് ശശിധരൻ കർത്തയുടെ കമ്പനി നൽകിയത്.
2017 മുതൽ 20 വരെയുള്ള കാലയളവിലാണ് കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി വീണക്ക് പണം നൽകിയത്.. സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തിയിട്ടുണ്ട്.
2017 ൽ വീണവിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എൽ കമ്പനിയും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്ക് വേണ്ടി കരാറുണ്ടാക്കിയിരുന്നു. ഈ കരാർ പ്രകാരം വീണക്ക് എല്ലാമാസവും അഞ്ചു ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും നൽകണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയിരിക്കുന്നത്. എന്നാൽ വീണവിജയനോ എക്‌സാലോജിക് കമ്പനിയോ യാതൊരു തരത്തിലുമുള്ള സേവനങ്ങൾ നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ ഡയറക്ടറായ ശശിധരൻ കർത്ത ആദായനികുതി തർക്കപരിഹാര ബോർഡിന് മൊഴി നൽകിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് യാതൊരു സേവനം നൽകാതെ 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകിയെന്ന കണ്ടെത്തൽ പുറത്ത് വരുന്നത്.
പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിൻരെ അടിസ്ഥാനത്തിലാണെന്ന് ആദായ നികുതി വകുപ്പിൻരെ തർക്ക പരിഹാര ബോർഡ് കണ്ടെത്തിയിട്ടുണ്ട്. ബിസിനസ് ചിലവുകൾക്ക് ബാങ്ക് മുഖേന പണം നൽകുന്നത് നിയമപ്രകാരം അനുവദനീയമാണെങ്കിലും സേവനങ്ങൾ നൽകാതെ പണം നൽകിയത് നിയമവിരുദ്ധമായിട്ടാണെന്ന ആദായ നികുതി വകുപ്പിന്‍റെ വാദം തർക്കപരിഹാര ബോർഡ് അംഗീകരിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പ് തർക്ക പരിഹാര ബോര്ഡിന്‍റെ തീരുമാനം അന്തിമമായത് കൊണ്ട് ഇതിനെതിരെ അപ്പീൽ നൽകാനും സാധിക്കില്ലെന്നാണ് വിലയിരുത്തൽ. വീണക്ക് പുറമെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾ,ട്രേഡ് യൂണിയൻ നേതാക്കൾ പോലീസ് ഉദ്യോഗസ്ഥർ,ചില മാധ്യമസ്ഥാപനങ്ങൾ എന്നിവർക്കും സിഎംആർഎൽ കമ്പനി പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഇതൊരു രാഷ്ട്രീയ നീക്കമായി ഉയർത്താനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്.
Adjust Story Font
16