മുസ്‌ലിം സംവരണം കുറച്ച് ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള ഉത്തരവ് വിവാദമാകുന്നു; നീക്കം റൊട്ടേഷൻ രീതി പുനഃപരിശോധിക്കാതെ
മന്ത്രിക്ക് പരാതി നൽകി ടി.വി ഇബ്രാഹിം എം.എൽ.എ
കോഴിക്കോട്: മുസ്‌ലിം സംവരണം രണ്ടു ശതമാനം കുറവ് വരുന്ന രീതിയിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ ഉത്തരവിറങ്ങി. ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ഒക്ടോബർ ഒന്നിന് പുറത്തിക്കിയ ഉത്തരവാണ് വിവാദമാകുന്നത്.
മുസ്‌ലിം സംവരണം രണ്ട് ശതമാനം കുറയുന്ന രീതിയിലുള്ള റൊട്ടേഷൻ രീതി പുനഃപരിശോധിക്കാതെയാണ് പുതിയ സർക്കാർ ഉത്തരവ്. ഈ ഉത്തരവിലാണ് റൊട്ടോഷൻ രീതി വിവരിക്കുന്നത്. മുസ്‌ലിം ലീഗ് എം.എൽ.എ ടി.വി ഇബ്രാഹിം മുഖ്യമന്ത്രിക്കും സാമൂഹിക നീതി വകുപ്പ് മന്ത്രിക്കും പരാതി നൽകി.
ഭിന്നശേഷി സംവരണം 4 ശതമാനം നടപ്പാക്കാനായി 2019 ഒക്ടോബറില്‍ സാമൂഹിക നീതി വകുപ്പ് ഉത്തരവ് പുറത്തിറക്കിയപ്പോഴാണ് ഈ പ്രശ്നം ആദ്യം ഉയരുന്നത്. സംവരണത്തിനുള്ള റൊട്ടേഷനില്‍ 1,26,51,76 എന്ന ക്രമത്തില്‍ ഭിന്നശേഷി വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്നായിരുന്നു നിർദേശം.
ഇതില്‍ 26, 76 റൊട്ടേഷന്‍ മുസ്‌ലിം വിഭാഗത്തിന്റേതായതിനാല്‍ ഈ രീതിയില്‍ നിയമനം നടത്തിയാല്‍ മുസ്‍ലിം സംവരണം രണ്ട് ശതമാനം കുറയും. ഇത് അന്നു തന്നെ ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരു വിഭാഗത്തിന്റെയും സംവരണത്തില്‍ കുറവ് വരുത്താതെ തന്നെ ഭിന്നശേഷി സംവരണം നടപ്പാക്കുമെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയില്‍ ഉറപ്പ് നല്‍കി. എന്നാല്‍ ഭിന്നശേഷി സംവരണം 4 ശതമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം വീണ്ടും ഉത്തരവിറക്കിയപ്പോഴും സംവരണ റൊട്ടേഷനില്‍ മാറ്റം വരുത്തിയിട്ടില്ല.
ആകെയുള്ള സംവരണ ശതമാനം വർധിപ്പിച്ചോ ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയോ പരിഹരിക്കാവുന്ന പ്രശ്നത്തെ സർക്കാർ ഇത്ര സങ്കീർണമാക്കുന്നതെന്തിനെന്ന് മനസിലാവുന്നില്ലെന്ന് പിന്നാക്ക വിഭാഗ വകുപ്പ് മുന്‍ ഡയറക്ടര്‍ വി.ആർ ജോഷി പറഞ്ഞു. സർക്കാർ നിയമനങ്ങളില്‍ രണ്ടു ശതമാനം സംവരണം നഷ്ടപ്പെടുന്ന രീതിയിലേക്ക് പോകുന്നത് മുസ്‍ലിം വിഭാഗത്തില്‍ നിന്ന് ശക്തമായ എതിർപ്പുയരുന്നതിന് കാരണമാകുമെന്ന് ഉറപ്പാണ്.
Adjust Story Font
16