കഷായത്തിൽ കലർത്തിയത് കോപ്പർ സൾഫേറ്റ്; ആന്തരികാവയവങ്ങൾ തകരാറിലായി ഷാരോണിന്റെ മരണം
ഷാരോണിന്റെ പോസ്റ്റുമോർട്ടത്തിൽ എലി വിഷത്തിന്റെ സാന്നിധ്യം കൂടി കണ്ടെത്തിയതായി സൂചന
തിരുവനന്തപുരം: കഷായത്തിൽ കോപ്പർ സൾഫേറ്റ് കലർത്തിയാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്. ഷാരോണിന്റെ പോസ്റ്റുമോർട്ടത്തിൽ കോപ്പർ സൾഫേറ്റിന്റെ അംശം കണ്ടെത്തിയെന്ന ഡോക്ടറുടെ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്. എലി വിഷത്തിന്റെ സാന്നിധ്യവും ഷാരോണിന്റെ ശരീരത്തിൽ കണ്ടെത്തിയെന്നാണ് സൂചന.
ആസൂത്രിതമായാണ് പ്രതി കൊല നടത്തിയതെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കോപ്പർ സൾഫേറ്റ് ശരീരത്തിലെത്തിയാൽ ആദ്യ ഘട്ടത്തിൽ ഛർദ്ദിയും ശരീരകോശങ്ങൾ നശിക്കുകയും ചെയ്യും. വൃക്കയുടെയും കരളിന്റെയും പ്രവർത്തനം തകരാറിലാക്കാൻ ശേഷിയുള്ള വിഷ പദാർത്ഥം കൂടിയാണ് കോപ്പർ സൾഫേറ്റ്. കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‌സി വിദ്യാർഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമാണെന്ന് ഇതിനോടകം തെളിഞ്ഞിരിക്കുകയാണ്. ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയതായി വനിതാ സുഹൃത്ത് ഗ്രീഷ്മ പൊലീസിനു മുന്നിൽ കുറ്റസമ്മതം നടത്തി. രണ്ടാം വർഷ എംഎ വിദ്യാർഥിനിയാണ് ഗ്രീഷ്മ. കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഷാരോണിന്റെ അമ്മ രംഗത്തെത്തിയിരുന്നു. ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷമുണ്ടായിരുന്നുവെന്നും ഷാരോണിനെ കൊന്നത് അന്ധവിശ്വാസം കൊണ്ടാണെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഷാരോണിന്റെ അമ്മയുടെ പ്രതികരണം.
വീട്ടിൽവെച്ച് ഗ്രീഷ്മയെ ഷാരോൺ താലിചാർത്തുകയും സിന്ദൂരമണിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് വെളിപ്പെടുത്തി. ആദ്യ ഭർത്താവ് തന്റെ മകനാണെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു. ''ഒക്ടോബറിന് ശേഷം വിവാഹം നടന്നാലെ അവൾക്ക് അവനുമായി നല്ല നിലയിൽ ജീവിക്കാനാകൂ, ഫെബ്രുവരിയിൽ അവളുടെ വിവാഹം നിശ്ചയിച്ചിരുന്നു. മകനുമായി ആദ്യം വിവാഹം കഴിഞ്ഞതായി കണക്കിലെടുത്ത് മകനെ കൊല്ലണമെന്ന തീരുമാനത്തിൽ അവളെത്തുകയായിരുന്നു''- ഷാരോണിന്റെ അമ്മ പറഞ്ഞു. ജ്യൂസിൽ പ്രതി വിഷം കലർത്തി കൊടുത്തുവെന്നും മകൻ പൂർണ ആരോഗ്യവാനായിരുന്നുവെന്നും അമ്മ കൂട്ടിച്ചേർത്തു. ഇടയ്ക്കിടെ ശാരീരിക അസ്വസ്ഥതകൾ ഷാരോൺ പ്രകടിപ്പിക്കുമായിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും വിട്ടുപിരിഞ്ഞുവെന്നും പിന്നീട് വീണ്ടും പ്രണയത്തിലാവുകയായിരുന്നുവെന്നും മാതാവ് വെളിപ്പെടുത്തി.
വിവാഹ നിശ്ചയത്തിനു ശേഷമാണ് പ്രതി ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിക്ക് വധശിക്ഷ വിധിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു. പ്രതിയും കുടുംബവും പദ്ധതി തയ്യാറാക്കിയാണ് കൊല നടത്തിയതെന്നും ഷാരോണിന്റെ അമ്മ ആരോപിച്ചു. തമിഴ്‌നാട് രാമവർമഞ്ചിറ സ്വദേശിയാണ് ഗ്രീഷ്മ. തമിഴ്‌നാട്ടിലെ ഗ്രീഷ്മയുടെ വീട്ടിൽ നടത്തിയ സന്ദർശനത്തിനിടെ കഷായവും ജ്യൂസും കുടിച്ചിരുന്നു. ഗ്രീഷ്മ തന്നെയാണ് രണ്ടും ഷാരോണിന് നൽകിയത്. വീട്ടിലേക്ക് തിരിച്ചെത്തിയ ഷാരോൺ ഛർദിച്ച് അവശനായി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങൾക്കകം ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. പിന്നീടാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.
Adjust Story Font
16