Quantcast

'ഹമാസിന് നേരെ ഇസ്രായേൽ വിടുന്ന മിസൈൽ പോലെ': ഉടമസ്ഥാവകാശം മാറ്റുന്നത് സംബന്ധിച്ച എം.വി.ഡി കുറിപ്പിൽ തിരുത്ത്‌

ഇസ്രായേലിന്റെ ക്രൂരത ട്രോൾ വാചകമാക്കാനുള്ളതല്ലെന്നും പേജ് കൈകാര്യം ചെയ്യുന്നവർക്ക് ബോധം ഉണ്ടായിരിക്കണമെന്നുമൊക്കെയാണ് പോസ്റ്റിന് താഴെ വന്നിരുന്ന കമന്റുകള്‍

MediaOne Logo

Web Desk

  • Updated:

    2023-10-19 06:08:46.0

Published:

19 Oct 2023 6:04 AM GMT

ഹമാസിന് നേരെ ഇസ്രായേൽ വിടുന്ന മിസൈൽ പോലെ: ഉടമസ്ഥാവകാശം മാറ്റുന്നത് സംബന്ധിച്ച എം.വി.ഡി കുറിപ്പിൽ തിരുത്ത്‌
X

തിരുവനന്തപുരം: ഉടമസ്ഥാവകാശം മാറ്റുന്നത് സംബന്ധിച്ച മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റിന്റെ(എം.വി.ഡി) ഫേസ്ബുക്ക് കുറിപ്പിൽ തിരുത്ത്.

ഇത്രയും കാലം ഞാൻ എവിടെയായിരുന്നു എന്ന് നിങ്ങൾ ആലോചിച്ചോ? ഇപ്പോ ഹമാസിന് നേരെ ഇസ്രായേൽ മിസൈൽ വിടുന്നത് പോലെ തുരുതുരാ എ.ഐ ക്യാമറ ചലാൻ വീട്ടിലേക്ക് വിടുമ്പോൾ എന്നതിലെ 'ഇസ്രായേൽ ഹമാസ്' പരാമർശമാണ് തിരുത്തിയത്.

ഈ വാക്കിനെതിരെ വിർശനം ഉയർന്നതോടെയാണ് എം.വി.ഡി തിരിത്തിക്കൊണ്ട് രംഗത്ത് എത്തിയത്. ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നെന്ന് നിങ്ങൾ ആലോചിച്ചോ 'മിസൈൽ' വിടുന്നത് പോലൈ തുരുതുരാ എ.ഐ ക്യാമകൾ എന്നാക്കി മാറ്റുകയായിരുന്നു.

ഇന്നലെ രാത്രി പങ്കുവെച്ച കുറിപ്പിനെതിരെ വിമർശനം ഉയർന്നിരുന്നു. ആശുപത്രികളടക്കം തകര്‍ക്കുന്ന ഇസ്രായേലിന്റെ ക്രൂരത ട്രോൾ വാചകമാക്കാനുള്ളതല്ലെന്നും പേജ് കൈകാര്യം ചെയ്യുന്നവർക്ക് ബോധം ഉണ്ടായിരിക്കണമെന്നുമൊക്കെയാണ് പോസ്റ്റിന് താഴെ വന്നിരുന്ന കമന്റുകള്‍. പലരും ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുകയും ചെയ്തു.


എം.വി.ഡിയുടെ ആദ്യ കുറിപ്പും പിന്നീട് തിരുത്തിയതും


എം.വിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്(തിരുത്തിയത്)

ഇത്രയും കാലം ഞാൻ എവിടെയായിരുന്നു എന്ന് നിങ്ങൾ ആലോചിച്ചോ...

മിസൈൽ വിടുന്നതുപോലെ തുരുതുരാ എഐ ക്യാമറ ഈ ചലാൻ വീട്ടിലേക്ക് വിടുമ്പോൾ അതിലെ ഫൈൻ കണ്ട് ഞെട്ടിയിട്ടല്ലേ എന്നെ ഓർത്തത് ? എനിക്ക് ഒത്തിരി സങ്കടമുണ്ട്. എന്നെ എക്ചേഞ്ച് എന്ന് ഓമനപ്പേരിൽ ഷോറൂമിന്റെ മൂലയിൽ തള്ളി നിങ്ങൾ പുതിയ വണ്ടിക്ക് മുന്നിൽ നിന്ന് സെൽഫി എടുക്കുമ്പോൾ എനിക്ക് ശരിക്കും ഒറ്റപ്പെട്ട പോലെ തോന്നി. എന്നെ ഉത്തരവാദിത്തമുള്ള ആരെയെങ്കിലും ഏല്പിക്കാതെ നിങ്ങൾ പോയതിന്റെ ശിക്ഷയാ ഈ ചലാനൊക്കെ.

നിങ്ങൾക്ക് തന്നതിനേക്കാൾ വില കൂട്ടി ഇവിടുന്ന് എന്നെ ഒരാൾ വാങ്ങി കൊണ്ടുപോയി. എനിക്ക് ഒരു ശ്രദ്ധയും തന്നില്ല. ഓടിയോടി എന്റെ നടുവൊടിഞ്ഞാലും എന്നെയൊന്ന് സർവീസിന് കയറ്റിയില്ല. എന്റെ ഇൻഷൂറൻസും പുതുക്കിയില്ല. ലൈസൻസ് ഇല്ലാത്ത പയ്യൻമാര് വരെ എന്റെ മുതുകിൽ കുതിര കളിച്ചു. നിങ്ങളെയോർത്ത് ഞാൻ ആപത്ത് ഒഴിവാക്കാൻ എത്ര കഷ്ടപ്പെട്ടു എന്ന് അറിയാമോ ..

വണ്ടി ആർക്കെങ്കിലും വിറ്റ് ഒഴിവാക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റണം എന്ന് എത്രവട്ടം എവി ഡി മാമൻമാർ പറഞ്ഞാലും നിങ്ങൾ കേൾക്കില്ലല്ലോ.

ഇപ്പൊ വിറ്റ വണ്ടിക്ക് പെറ്റി വരുന്നു എന്ന് മെസഞ്ചറിൽ സങ്കടം പറഞ്ഞപ്പോ എത്ര വേഗത്തിലും കൃത്യതയിലുമാ എം വി ഡി മാമൻമാർ ഇടപെട്ടത്ത്. അവർ മുമ്പ് എപ്പഴോ എന്നെ തടഞ്ഞ് നിർത്തി എഴുതിയ ചലാനിൽ നിന്ന് എന്നെ ഇപ്പൊ കൊണ്ടു നടക്കുന്ന ചേട്ടന്റെ നമ്പർ തപ്പി എടുത്ത് അവർ ചേട്ടനെ നൈസായിട്ട് പൊക്കി.

ഇൻഷുർ ഇല്ല എന്നതിനാൽ എന്നെ പിടിച്ച് സ്റ്റേഷനിൽ ഇട്ടു . ഇൻഷുർ പുതുക്കി എന്നെ നിയമപരമായി സ്വീകരിക്കാൻ തയ്യാറായി വന്നാലേ എന്നെ വിട്ടുകൊടുക്കൂ എന്ന് എംവി ഡി മാമൻ പറഞ്ഞപ്പോൾ ആ മാമനെപ്പറ്റി എനിക്ക് അഭിമാനം തോന്നി.

ഞാൻ ഇവിടെ സ്റ്റേഷനിൽ വെയിലത്ത് തന്നെ ഇരിപ്പുണ്ട്. ഇന്നലെ രാത്രി നല്ല ഇടിയും മഴയുമായിരുന്നു. എന്നെയൊന്ന് വന്ന് കണ്ട് നിയമപരമായി ആ ചേട്ടന് ആർസിയിൽ പേര് മാറ്റി കൈ പിടിച്ച് കൊടുക്കുമോ ?

നിങ്ങളുടെ വണ്ടി കൊടുക്കുമ്പോൾ ഇത്തിരി ഇഷ്ടത്തോടെ ആർസിയിൽ പേര് മാറ്റിത്തന്നെ കൊടുക്കണം. സെക്കൻസ് ഡീലർമാരെ നിയന്ത്രിക്കാൻ സർക്കാർ പുതിയ നിയമങ്ങളും നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള ചില കാര്യങ്ങൾക്ക് എത്രയും പെട്ടന്ന് തീർപ്പായി ശക്തമായ ഒരു നിയമം ഉടനെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പിന്നീട് ആരും എക്സ് ചേഞ്ച് എന്ന് പറഞ്ഞ് പറ്റിക്കപ്പെടില്ല. ഇപ്പോൾ വീട്ടിൽ പത്രം വരുത്താറില്ലേ. കോടികളുടെ നഷ്ടപരിഹാരം ഉടമ നൽകാൻ വിധിക്കുന്ന ആക്സിഡന്റ് ക്ലെയിം കേസുകൾ പത്രത്തിൽ വായിക്കാറില്ലേ ?

കൂടുതൽ കാര്യങ്ങൾ എന്നെ കൈപിടിച്ച് കൊടുക്കാൻ സ്റ്റേഷനിൽ വരുമ്പോൾ പറയാം ...

എന്ന് നിങ്ങളുടെ

KL2AM7108

മഞ്ചാടി നിറമുള്ള

സ്കൂട്ടർ

(ഒപ്പ്)

TAGS :

Next Story