കോസ്റ്ററിക്കൻ ഫുട്‌ബോൾ താരത്തെ മുതല കടിച്ചുകൊന്നു
പൊലീസെത്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോഴേക്കും താരത്തിന്റെ ശരീരഭാഗങ്ങൾ മുതല വിഴുങ്ങിയിരുന്നു
സാൻ ജോസ്: കോസ്റ്ററിക്കൻ ഫുട്‌ബോൾ താരം ജീസസ് ആൽബെർട്ടോ ലോപസ് ഒർട്ടിസിനെ(ചുച്ചോ) മുതല കടിച്ചുകൊന്നു. വടക്കുകിഴക്കൻ കോസ്റ്ററിക്കൻ നഗരമായ സാന്റ ക്രൂസിലാണ് ദാരുണസംഭവം.
ജൂലൈ 29നാണു സംഭവം നടന്നത്. കനത്ത ചൂടിനെ തുടർന്ന് സാന്റ ക്രൂസിലെ റിയോ കനാസ് നദിയിലേക്ക് ചാടിയതായിരുന്നു 29കാരനായ താരം. എന്നാൽ, നിറയെ മുതലകളുണ്ടായിരുന്നു നദിയിൽ. നദിയിലേക്കു ചാടിയതിനു പിന്നാലെ ഒരു മുതല താരത്തെ വിഴുങ്ങിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് കോസ്റ്ററിക്കൻ മാധ്യമമായ 'ദി ടിക്കോ ടൈംസ്' റിപ്പോർട്ട് ചെയ്തു.
ലോപസുമായി മുതല മുങ്ങിത്താഴുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തി മുതലയെ വെടിവച്ചുകൊല്ലുകയായിരുന്നു. എന്നാൽ, അപ്പോഴേക്കും ലോപസ് മരണത്തിനു കീഴടങ്ങിയിരുന്നു. താരത്തിന്റെ ശരീരഭാഗങ്ങൾ മുതല അകത്താക്കിയിട്ടുണ്ട്. അവശേഷിച്ച ഭാഗങ്ങൾ മാത്രമാണു പുറത്തെടുക്കാനായത്.
കോസ്റ്ററിക്കൻ ഫുട്‌ബോൾ ലീഗായ അസെൻസോ ലീഗിലെ ഡിപോർട്ടിവോ റിയോ കനാസ് ക്ലബിന്റെ താരമാണ് ചുച്ചോ. താരത്തിന്റെ മരണം സ്ഥിരീകരിച്ച് ക്ലബ് വാർത്താ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഞങ്ങൾ എല്ലാവർക്കും വേദന നിറഞ്ഞൊരു ദിനമാണിതെന്ന് ക്ലബ് കുറിപ്പിൽ പറഞ്ഞു. കായികജീവിതത്തിലെ നേട്ടങ്ങളുടെ പേരിൽ ചുച്ചോ എന്നും ഓർക്കപ്പെടുമെന്നും എന്നും തങ്ങളുടെ ഹൃദയത്തിലുണ്ടാകുമെന്നും ക്ലബ് കുറിച്ചു.
Summary: Jesus Alberto Lopez Ortiz, Costa Rican football player killed in crocodile attack after jumping into river
Adjust Story Font
16