പാലക്കാട്ട് രാഹുൽ, ചേലക്കരയിൽ പ്രദീപ്; വയനാട് പിടിച്ച് പ്രിയങ്ക
ചേലക്കരയില്‍ യു.ആര്‍ പ്രദീപിനെ വിജയിയായി പ്രഖ്യാപിച്ചു. 12122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ യു.ആര്‍ പ്രദീപ് വിജയിച്ചത്
പാലക്കാട്: പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനേയും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപിനെയും വിജയിയായി പ്രഖ്യാപിച്ചു. വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷവുമായാണ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വിജയിച്ചത്. 4,09,931 വോട്ടുകളുടെ ഭൂരിപക്ഷമാണ് വയനാട്ടിൽ പ്രിയങ്കയുടെ നേട്ടം. രാഹുൽ നേടിയ ഭൂരിപക്ഷത്തിനും മേലെയാണിത്.
18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ സി.കൃഷ്ണകുമാറാണ്. മൂന്നാം സ്ഥാനത്താണ് എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായ പി.സരിൻ.
പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപിയായിരുന്നു പാലക്കാട്ട് മുന്നിട്ട് നിന്നിരുന്നത്. എന്നാൽ മുന്നേറ്റം അധിക മണിക്കൂറുകളിലേക്ക് കൊണ്ടുപോകാൻ ബിജെപിക്ക് കഴിഞ്ഞില്ല. 2016ൽ ഷാഫി പറമ്പിൽ നേടിയ ഭൂരിപക്ഷത്തെ മറികടക്കാനും രാഹുലിനായി.17,483 വോട്ടിന്റെ ലീഡായിരുന്നു 2016ൽ ഷാഫി നേടിയിരുന്നത്.
അതേസമയം ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപിന്റെ വിജയം 12,122 വോട്ടുകൾക്കാണ്. യുഡിഎഫിന്റെ രമ്യാ ഹരിദാസിന് ഇവിടെ ഒരു ചലനവും സൃഷ്ടിക്കാനായില്ല. ഒരു ഘട്ടത്തിൽപോലും യു.ആർ പ്രദീപിനെ വെല്ലുവിളിക്കാൻ രമ്യ ഹരിദാസിന് കഴിഞ്ഞില്ല.
Adjust Story Font
16