ഇടുക്കിയില്‍ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ
പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ, താമസിക്കാനായി താൽക്കാലികമായി നിർമിച്ച വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്
ഇടുക്കി: പുറ്റടിയിൽ വീടിനു തീപിടിച്ച് ദമ്പതികൾ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.
ഹോളിക്രോസ് കോളജിന് സമീപത്താണ് ഇവര്‍ താമസിക്കുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വീടിനുള്ള അനുമതി ലഭിച്ചിരുന്നു. ആ വീടിന്റെ നിർമാണപണികൾ ആരംഭിച്ചിരുന്നു. ഇവിടെ താൽക്കാലികമായി പണിത വീട്ടിലാണ് കുടുംബം താമസിച്ചിരുന്നു. ആസ്ബറ്റോസ് ഷീറ്റിട്ട് പണിത ഈ വീട്ടിലെ ഒരു മുറിയിലാണ് തീപ്പിടിത്തമുണ്ടായത്.
പുലർച്ചെക്ക് മകൾ ശ്രീധന്യ അലറി വിളിച്ച് പുറത്തേക്ക് വന്നപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത് . പൊള്ളലേറ്റ ശ്രീധന്യയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. ഇവർ കൂടി എത്തിയ ശേഷമാണ് തീ അണച്ചത്.
രവീന്ദ്രനെയും ഉഷയെയും ആദ്യം കട്ടപ്പനയിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാൽ ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊള്ളൽ ഗുരുതരമായതിനാൽ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലാണുള്ളത്. സോപ്പും സോപ്പുൽപ്പന്നങ്ങളും വിൽപ്പന നടത്തിവരികയായിരുന്നു രവീന്ദ്രൻ. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നത് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16