നിയമസഭാ കൈയ്യാങ്കളി: മന്ത്രി വി. ശിവൻകുട്ടിയടക്കം ആറു പ്രതികളും സെപ്തംബർ 14ന് ഹാജരാകണമെന്ന് കോടതി
പ്രതികൾക്ക് ഹാജരാകാനുള്ള അവസാന അവസരമാണിതെന്ന് കോടതിയുടെ മുന്നറിയിപ്പ്
കൊച്ചി: നിയമസഭാ കൈയ്യാങ്കളി കേസിൽ മന്ത്രി വി.ശിവൻകുട്ടിയടക്കം ആറു പ്രതികളും സെപ്തംബർ 14ന് ഹാജരാകണമെന്ന് കോടതി. കുറ്റപത്രം വായിച്ചു കേൾക്കാനാണ് പ്രതികൾ ഹാജരാകേണ്ടത്. വിചാരണ നടപടികളുടെ ആദ്യ ഘട്ടമാണിത്. പ്രതികൾക്ക് ഹാജരാകാനുള്ള അവസാന അവസരമാണിതെന്നും തിരുവനന്തപുരം സി.ജെ.എം കോടതി മുന്നറിയിപ്പ് നൽകി.
നിരവധി തവണ കോടതി നിർദേശിച്ചിട്ടും പ്രതികൾ ഹാജരാകാത്തതിനാലാണ് സി.ജെ.എം. ആർ രേഖയുടെ മുന്നറിയിപ്പ്. മന്ത്രി വി ശിവൻകുട്ടി, ഇടത് മുന്നണി കൺവീനർ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ സദാശിവൻ, കെ. അജീത് എന്നിവരാണ് കേസിലെ പ്രതികൾ.
2015ൽ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണത്തെ തടസപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചതാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്. കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി നിരസിച്ചതോടെയാണ് വിചാരണ കോടതി നടപടികൾ ആരംഭിച്ചത്.
Adjust Story Font
16