Quantcast

ഷാരോൺ വധക്കേസ്: ഗ്രീഷ്‌മ കുറ്റക്കാരി, അമ്മയെ വെറുതെവിട്ടു; ശിക്ഷാവിധി നാളെ

കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ അമ്മ സിന്ധുവിനെ ഒഴിവാക്കി

MediaOne Logo

Web Desk

  • Updated:

    17 Jan 2025 7:24 AM

Published:

17 Jan 2025 5:38 AM

greeshma_sharon murder case
X

തിരുവനന്തപുരം: ആണ്‍സുഹൃത്തായിരുന്ന ഷാരോണ്‍ രാജിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്‌ജ്‌ എ.എം. ബഷീറാണ് വിധി പ്രസ്‌താവിച്ചത്‌.

മൂന്നാം പ്രതിയായ അമ്മാവൻ നിർമൽ കുമാറും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇയാൾക്കെതിരെ തെളിവുനശിപ്പിക്കൽ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ വെറുതെവിട്ടു.

കൊലപാതകം, തെളിവുനശിപ്പിക്കൽ, കൊലപാതകം ആസൂത്രണം ചെയ്യൽ അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു.

പാറശ്ശാലക്ക് സമീപം സമുദായപ്പറ്റ് ജെ.പി ഭവനില്‍ ജയരാജിന്റെ മകൻ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന് ഗ്രീഷ്‌മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി ചേർത്ത് കുടിപ്പിക്കുകയായിരുന്നു. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബിഎസ്‌സി റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25നാണ് മരിച്ചത്. തിരുവനന്തപുരം മജിസ്ട്രേറ്റായിരുന്ന ലെനി തോമസിന് ഷാരോൺ നൽകിയ മരണമൊഴിയിൽ ഗ്രീഷ്‌മ നൽകിയ കഷായം കുടിച്ച ശേഷമാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് പറഞ്ഞിരുന്നു.

ഒക്ടോബര്‍ 14ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പമാണ് ഗ്രീഷ്‌മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഗ്രീഷ്‌മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കയ്പ്പ് മാറാൻ ജ്യൂസും നൽകിയിരുന്നു. മുറിയിൽ ഛർദിച്ച ഷാരോൺ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്ന വഴിയും പലതവണ ഛർദിച്ചു.

ക്ഷീണിതനായി വീട്ടിലെത്തിയ ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മടങ്ങി. എന്നാൽ, പിറ്റേദിവസം വായിൽ വ്രണങ്ങൾ ഉണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വൃക്ക, കരള്‍, ശ്വാസകോശം അടക്കമുള്ള അവയവങ്ങൾ പ്രവർത്തനരഹിതമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

2021 ഒക്ടോബര്‍ മുതൽ ഷാരോണും ഗ്രീഷ്‌മയും പ്രണയത്തിലായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്‌മയുടെ കല്യാണം ഉറപ്പിച്ചു. ഗ്രീഷ്‌മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു. തുടർന്ന്, നവംബറില്‍ ഷാരോണിന്റെ വീട്ടില്‍വെച്ചും വെട്ടുകാട് പള്ളിയില്‍ വെച്ചും ഇരുവരും താലികെട്ടി.

ഇതിന് പിന്നാലെ പ്രണയത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചെങ്കിലും ഷാരോൺ തയ്യാറായില്ല. ഇതോടെ ഗ്രീഷ്‌മയും, അമ്മ സിന്ധുവും, അമ്മാവൻ നിർമൽ കുമാർ നായരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. രണ്ടു തവണ ജ്യൂസിൽ അമിത ഡോസിലുഉള്ള മരുന്ന് നൽകിയെങ്കിലും കയ്‌പ്‌ കാരണം ഷാരോൺ കുടിച്ചില്ല. തുടർന്നാണ് കഷായത്തിൽ വിഷം ചേർത്ത് നൽകിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യമൊക്കെ താൻ നിരപരാധിയാണെന്ന് ആവർത്തിച്ചെങ്കിലും അധിക നാൾ ഗ്രീഷ്‌മക്ക് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ കുറ്റം സമ്മതിച്ചു. . 2022 ഒക്ടോബർ 31നാണ് ഗ്രീഷ്‌മയെ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. പിന്നീട് 111 ദിവസത്തെ ജയിൽവാസത്തിനു ശേഷം 2023 സെപ്റ്റംബർ 25ന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയാണ് അന്വേഷണം നടത്തിയത്. ഈ മാസം 3ന് അന്തിമവാദം പൂർത്തിയായിരുന്നു.

TAGS :

Next Story