Quantcast

സെക്യൂരിറ്റിക്കാരെ മർദിച്ച സംഭവം: ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യം തള്ളി

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം കെ അരുൺ ഉൾപ്പെടെ 5 ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ജാമ്യമാണ് തള്ളിയത്

MediaOne Logo

Web Desk

  • Published:

    23 Sep 2022 12:23 PM GMT

സെക്യൂരിറ്റിക്കാരെ മർദിച്ച സംഭവം: ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യം തള്ളി
X

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റിക്കാരെ മർദിച്ച സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം കെ അരുൺ ഉൾപ്പെടെ 5 ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ജാമ്യമാണ് തള്ളിയത്. സംഭവത്തിൽ ഏത് ജാമ്യ വ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണെന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. തങ്ങൾ ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത സംഭവമല്ലെന്നും അവർ പറഞ്ഞു. എന്നാൽ തനിക്ക് നേരെ പോലും വധഭീഷണി ഉണ്ടെന്ന് പ്രതിഭാഗം അഭിഭാഷക ബബില അറിയിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം കെ അരുൺ, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ എം കെ അശ്വിൻ, കെ രാജേഷ്, മുഹമ്മദ് ഷബീർ, സജിൻ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്.

പ്രതികൾക്കെതിരെ ഐപിസി 333 വകുപ്പായ പൊതുസേവകരെ ഗുരുതരമായി പരിക്കേൽപ്പിക്കൽ കൂടി ചേർത്ത് പൊലീസ് കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. അതേസമയം, കേസിൽ പൊലീസിനെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി. പൊലീസിന്റെ നടപടിക്കെതിരെ ജനങ്ങളെ അണി നിരത്തുമെന്ന് സി.പി.എമ്മും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞമാസം 31നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാർ തടഞ്ഞതിനെ പേരിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. ഇവർ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദർശിക്കാൻ എത്തിയവർക്കും മർദനമേറ്റു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകൻ ഷംസുദ്ദീനെയും സംഘം ആക്രമിച്ചിരുന്നു.

court rejected the bail application of the accused in the incident of beating the security guards at Kozhikode Medical College Hospital

TAGS :

Next Story