പള്ളിത്തർക്കത്തിൽ കോടതിവിധി നടപ്പിലാക്കണം; സർക്കാരിനെതിരെ ഓർത്തഡോക്‌സ് സഭാധ്യക്ഷൻ
കെ- റെയിൽ വേണമെന്ന് സർക്കാരിനും ജനങ്ങൾക്കും തോന്നുന്നെങ്കിൽ സഭ എതിരല്ലെന്നും എന്നാൽ, ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമാകുന്ന വികസനം വേണ്ടെന്നും കാതോലിക്ക ബാവ മീഡിയവണിനോട് പറഞ്ഞു
തിരുവനന്തപുരം: സഭാത്തർക്കം പരിഹരിക്കാൻ പൊതുജനാഭിപ്രായം തേടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭ. കോടതി വിധി മറികടന്ന് നിയമനിര്‍മാണം നടത്തുന്നത് ശരിയല്ലെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ മീഡിയവണിനോട് പറഞ്ഞു.
കോടതി വിധി സഭാത്തർക്കം പരിഹരിക്കുന്നതിനാണ്. സുപ്രിംകോടതി വിധിയെ സര്‍ക്കാര്‍ മറികടക്കുമെന്ന് തോന്നുന്നില്ല. ഓർത്തഡോക്സ് സഭ സർക്കാറിനെതിരല്ലെന്നും സര്‍ക്കാരിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളോടും സഹകരിച്ചിട്ടുണ്ടെന്നും കാതോലിക്ക ബാവ വ്യക്തമാക്കി. സര്‍ക്കാരിന്‍റെ മദ്യനയത്തിന് എക്കാലത്തും സഭ എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ- റെയില്‍ വേണമെന്ന് സര്‍ക്കാരിനും ജനങ്ങള്‍ക്കും തോന്നുന്നെങ്കില്‍ സഭ അതിനെതിരല്ല, എന്നാല്‍, ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമാകുന്ന ഒരു വികസനപ്രവര്‍ത്തനത്തെയും സഭ അനുകൂലിക്കില്ല. സഭ എപ്പോഴും ജനങ്ങളുടെ അഭിവൃദ്ധിയാണ് യഥാര്‍ത്ഥ വികസനമായി കാണുന്നതെന്നും കാതോലിക്ക ബാവ പറഞ്ഞു. ജനാധിപത്യപരമായി പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16