കോവിഡ്; ഗതാഗതനിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും
സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗവും ചേരുന്നുണ്ട്. അതിനു മുന്നോടിയായി ജില്ലകളിലെ സാഹചര്യങ്ങൾ മന്ത്രിമാർ വിശദീകരിക്കും. സംസ്ഥാനത്ത് ഏതെല്ലാം മേഖലകളിൽ നിയന്ത്രണം വേണമെന്ന കാര്യത്തിലും പ്രാഥമിക ചർച്ചകൾ മന്ത്രിസഭായോഗത്തിൽ ഉണ്ടാകും.
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. ബസുകളിൽ സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ പാടില്ലെന്നാണ് നിർദേശം. എന്നാൽ ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കിയേക്കും. വാഹനങ്ങൾ നിരത്തിലിറക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമോ എന്നും യോഗം ചര്‍ച്ച ചെയ്യും.
അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 35.27 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിരുവനന്തപുരത്തും എറണാകുളത്തും സ്ഥിതി അതിരൂക്ഷമാണ്.സെക്രട്ടേറിയറ്റിലും തിരുവനന്തപുരം മെഡിക്കൽകോളജിലും ജീവനക്കാർക്കിടയിൽ കോവിഡ് പടരുന്നത് ആശങ്കയുയർത്തുന്നു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലും കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടു. കളമശേരി മെഡിക്കല്‍ കോളജിലെ വിദ്യാർഥികളോട് വീട്ടിലേക്ക് മടങ്ങാന്‍ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16