കോവിഡ് അവലോകന യോഗം ഇന്ന്: കൂടുതല്‍ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യും, നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍
19.22 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതിനിടെ അവലോകനയോഗം ഇന്ന് ചേരും. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുടെ കാര്യം യോഗം ചര്‍ച്ച ചെയ്യും. നാളെ സമ്പൂര്‍ണ ലോക്ഡൌണും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓണത്തിരക്കിന് പിന്നാലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന വിലയിരുത്തല്‍ യാഥാര്‍ത്ഥ്യമാകുന്നുവെന്നാണ് കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 19.22 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരുടെ എണ്ണം ദിവസം 32000ലേക്ക് എത്തി. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഇന്നത്തെ അവലോകന യോഗം നിര്‍ണായകമാണ്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോ എന്ന കാര്യം അവലോകന യോഗം ചര്‍ച്ച ചെയ്യും.
അടുത്ത നാലാഴ്ച നിര്‍ണായകമായാണ് സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ട് രോഗബാധ ഉയരുന്ന മേഖലകളില്‍ കൂടുതല്‍ നിയന്ത്രണം വേണമോ എന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും. എന്നാല്‍ കാലങ്ങളോളം അടച്ചിട്ടിട്ട് ഇളവുകള്‍ നല്‍കിയ ശേഷം വീണ്ടും പൂട്ടിയാല്‍ വ്യാപാരികളില്‍ നിന്നടക്കം ഉയരാനുള്ള പ്രതിഷേധം സര്‍ക്കാര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. വാക്സിനേഷൻ വേഗത്തിലാക്കാനാവശ്യമായ തീരുമാനങ്ങള്‍ അവലോകന യോഗത്തില്‍ ഉണ്ടായേക്കും. അതേസമയം നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി.
Adjust Story Font
16