കോവിഡ് ; ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷ മാറ്റി വെക്കണമെന്ന് ആവശ്യം; പരീക്ഷയിൽ മാറ്റമില്ലെന്ന് ആരോഗ്യ സർവകലാശാല
കർണാടകയിലും തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒന്നാം വർഷ എം ബി ബി എസ് പരീക്ഷകൾ നേരത്തെ മാറ്റി വെച്ചിരുന്നു
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒന്നാം വർഷ എം ബി ബി എസ് പരീക്ഷ മാറ്റി വെക്കണമെന്ന് ആവശ്യം. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും കോവിഡ് കേസുകൾ വർധിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് വിദ്യാർഥികൾ . ഇക്കാര്യം ഉന്നയിച്ച് ആരോഗ്യ സർവകലാശാലയെ സമീപിച്ചിട്ടുണ്ടെങ്കിലും പരീക്ഷ മാറ്റി വെക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അധികൃതർ.
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ ഇരുനൂറോളം ഒന്നാം വർഷ എം ബി ബി എസ് വിദ്യാർഥികൾ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. പല മെഡിക്കൽ കോളേജുകളും കോവിഡ് ക്ലസ്റ്ററുകളായി കഴിഞ്ഞു. ഇതിനിടയിലാണ് ഒന്നാം വർഷ എം ബിബിഎസ് പരീക്ഷ അടുത്ത മാസം രണ്ടിന് തുടങ്ങാനുള്ള നടപടികളുമായി ആരോഗ്യ സർവകലാശാല മുന്നോട്ട് പോകുന്നത്. കോവിഡ് വ്യാപന സമയത്ത് പരീക്ഷ നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് വിദ്യാർഥികൾ പറയുന്നു. കോവിഡ് ബാധിച്ച വിദ്യാർഥികളിൽ അധികവും പേവാർഡുകളിൽ ചികിത്സയിലാണ്. പഠിക്കാൻ പോലുമാവാത്ത അവസ്ഥയിലാണിവർ. രണ്ടാം വർഷ എം ബി ബി എസ് പരീക്ഷയും അടുത്ത മാസം തുടങ്ങുമെന്ന് ആരോഗ്യ സർവകലാശാല അറിയിച്ചിട്ടുണ്ട്. കർണാടകയിലും തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒന്നാം വർഷ എം ബി ബി എസ് പരീക്ഷകൾ നേരത്തെ മാറ്റി വെച്ചിരുന്നു.
Adjust Story Font
16