കോവിഡ്; കേരളത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘത്തിനു തൃപ്തിയെന്ന് ആരോഗ്യമന്ത്രി
വാക്സിൻ വിതരണം വേഗത്തിലാക്കണമെന്ന് കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടതായും വീണ ജോര്‍ജ് പറഞ്ഞു.
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വാക്സിൻ വിതരണം വേഗത്തിലാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക നിർദേശങ്ങളൊന്നും കേന്ദ്ര സംഘം നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ രണ്ടരലക്ഷം മുതല്‍ മൂന്നു ലക്ഷം ഡോസ് വാക്സിന്‍ സംസ്ഥാനത്ത് വിതരണം ചെയ്തു കഴിഞ്ഞു. ജൂലൈ മാസത്തോടെ 90 ലക്ഷത്തോളം വാക്സിന്‍ ഡോസുകള്‍ അധികമായി നല്‍കണമെന്ന ആവശ്യമാണ് കേന്ദ്ര സംഘത്തിനു മുന്നില്‍വെച്ചത്. ജനസംഖ്യാടിസ്ഥാനത്തില്‍ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കോവിഡ് വന്നവരുടെ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവാണ്. എന്നാൽ, രോഗം വരാൻ സാധ്യതയുള്ളവർ ഇവിടെ കൂടുതലാണ്. അതിനാൽ വാക്സിനേഷൻ ശക്തിപ്പെടുത്തണം. ഈ നിർദേശത്തോട് കേന്ദ്ര സംഘം യോജിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സംഘാംഗങ്ങളുമായി ചര്‍ച്ച ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രികളിലെ ചികിത്സ എന്നിവയെല്ലാമാണ് കേന്ദ്ര സംഘം പരിശോധിച്ചത്. രണ്ടാം തരംഗം മറികടക്കാത്തതിനാൽ സംസ്ഥാനത്തെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് തീരുമാനമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
Adjust Story Font
16