കോവിഡ് ചികിത്സ; ഇൻഷുറൻസിന്‍റെ പേരിലും തട്ടിപ്പ്
കോവിഡ് പോളിസി എടുത്ത പലർക്കും ഇൻഷുറൻസ് പരിരക്ഷാ ലഭിക്കുന്നില്ലെന്നാണ് പരാതി. അനാവശ്യ ചികിത്സ നടത്തുന്നതിനാലാണ് പണം നൽകാത്തതെന്ന് ഇൻഷുറൻസ് കമ്പനികള്‍.
കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ ഭീമമായ തുക ഈടാക്കുന്നതിനുപുറമേ ഇൻഷുറൻസിന്റെ പേരിലും തട്ടിപ്പ്. കോവിഡ് പോളിസി എടുത്ത പലർക്കും ഇൻഷുറൻസ് പരിരക്ഷാ ലഭിക്കുന്നില്ലെന്നാണ് പരാതി. അനാവശ്യ ചികിത്സ നടത്തുന്നതിനാലാണ് പണം നൽകാത്തതെന്നാണ് ഇൻഷുറൻസ് കമ്പനികളുടെ വിശദീകരണം.
മൂവാറ്റുപുഴ മാറാടി സ്വദേശി ബിജുമോൻ കോവിഡ് ചികിത്സയ്ക്ക് മാത്രമായി സ്റ്റാർ ഹെൽത്ത് കമ്പനിയുടെ ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജുമോന് പരിശോധനയിൽ കോവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തി. ആറു ദിവസത്തിന് ശേഷം ബിജുമോൻ ഡിസ്ചാർജാകുമ്പോൾ ആശുപത്രി ബിൽ 48064 രൂപയായിരുന്നു. ഇതില്‍ പി.പി.ഇ കിറ്റിന് മാത്രം ഈടാക്കിയത് 27520 രൂപ.
ഇൻഷുറൻസ് ക്യാഷ്ലെസ്സ് ആയിരുന്നിട്ടും ആശുപത്രി അധികൃതർ ബിൽ അടപ്പിച്ചു. പുറത്തിറങ്ങിയ ബിജുമോൻ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചെങ്കിലും കമ്പനി കൈമലർത്തുകയായിരുന്നു. ഹോം ക്വാറൻ്റൈനിൽ കഴിയാനുള്ള അസുഖം മാത്രമേ ബിജുമോന് ഉണ്ടായിരുന്നുള്ളൂ എന്നാണ് കമ്പനിയുടെ വാദം. ആശുപത്രി ഡോളൊ മരുന്ന് മാത്രമാണ് നൽകിയതെന്നും അതുകൊണ്ട് തുക നൽകാനാകില്ലെന്നും ഇൻഷുറൻസ് കമ്പനി അറിയിച്ചു.
സമാന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും പറയുന്നു. ആശുപത്രിയും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ഒത്തുകളി ആരോപിച്ച് ബിജുമോൻ ഇൻഷുറൻസ് ഓംബുഡ്സ്മാന് പരാതി നൽകിയിട്ടുണ്ട്. അതേസമയം, ഓംബുഡ്സ്മാന്‍റെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നാണ് ഇൻഷുറൻസ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്.
Adjust Story Font
16