രാജ്യസഭ സീറ്റിൽ അവകാശവാദമുന്നയിക്കാന്‍ സി.പി.ഐയും കേരള കോണ്‍ഗ്രസ് എമ്മും
ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് ഏറ്റെടുക്കാന്‍ സി.പി.എം
തിരുവനന്തപുരം: ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ വീണ്ടും അവകാശവാദമുന്നയിക്കാന്‍ സി.പി.ഐയും കേരള കോണ്‍ഗ്രസ് എമ്മും. മൂന്ന് സീറ്റിന്റെ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. ഇതില്‍ രണ്ട് സീറ്റിലാണ് ഇടത് മുന്നണിക്ക് ജയിക്കാന്‍ കഴിയുക. എന്നാല്‍, എളമരം കരീം ഒഴിയുമ്പോള്‍ ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് ഏറ്റെടുക്കാനാണ് സി.പി.എമ്മിന്റെ നീക്കം.
ബിനോയ് വിശ്വം, ജോസ് കെ. മാണി, എളമരം കരീം എന്നിവരുടെ രാജ്യസഭ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക് രണ്ട് സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലും ജയിക്കാന്‍ കഴിയും.
സിപിഐയ്ക്കുംകേരള കോണ്‍ഗ്രസ് എമ്മിനും അഭിമാനപ്രശ്നമാണ് രാജ്യസഭ സീറ്റ്. കാരണം രണ്ട് പാർട്ടിയുടേയും ഏറ്റവും പ്രധാനപ്പെട്ട നേതാക്കൻമാർ കൈവശം വെച്ചിരിക്കുന്ന സീറ്റുകളാണിത്. അതുകൊണ്ട് കാലാവധി കഴിഞ്ഞാലും ജയിക്കാന്‍ കഴിയുന്ന രാജ്യസഭ സീറ്റിന് വേണ്ടി അവകാശവാദമുന്നണിയിക്കാനാണ് രണ്ട് പാർട്ടികളുടേയും തീരുമാനം.
ഇടത് മുന്നണി സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന സമയത്ത് തങ്ങള്‍ക്ക് ഒരേ സമയം രണ്ട് രാജ്യസഭ സീറ്റ് ഉണ്ടാകാറുണ്ടെന്നാണ് സി.പി.ഐ പറയുന്നത്. തങ്ങള്‍ ഇടത് മുന്നണിയിലേക്ക് വരുമ്പോഴേ രാജ്യസഭ സീറ്റ് ഉണ്ടായിരുന്നുവെന്നും അത് കൊണ്ട് ജോസ് കെ. മാണിക്ക് തന്നെ സീറ്റ് വേണമെന്നുമാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ആവശ്യം.
അതേസമയം ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് ഏറ്റെടുക്കാന്‍ തന്നെയാണ് സി.പി.എമ്മിന്റെ നീക്കം. രാജ്യസഭ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം വരുന്നതിന് പിന്നാലെ ഇടത് മുന്നണി യോഗം ചേർന്ന് സീറ്റ് വിഭജനം പൂർത്തിയാക്കും. യുഡിഎഫിന് ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് മുസ്‍ലിം ലീഗിന് നല്‍കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരിന്നു.
Adjust Story Font
16