ഇ.ചന്ദ്രശേഖരനെ മർദിച്ച കേസ്: സി.പി.ഐ നേതാക്കളടക്കമുള്ളവരും മൊഴി മാറ്റിയിട്ടുണ്ടെന്ന് എം.വി ഗോവിന്ദൻ
സി.പി.എം നേതാക്കൾ മൊഴിമാറ്റിയതാണ് കേസ് തോല്‍ക്കാന്‍ കാരണമെന്ന് ഇ. ചന്ദ്രശേഖരൻ കഴിഞ്ഞദിവസം സഭയിൽ പറഞ്ഞിരുന്നു
കണ്ണൂർ: കാഞ്ഞങ്ങാട് മുൻ മന്ത്രി ഇ.ചന്ദ്രശേഖരനെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ മർദിച്ച സംഭവത്തിൽ സി.പി.ഐ നേതാക്കൾ അടക്കമുള്ളവരും മൊഴി മാറ്റിയിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ആക്രമിച്ചവരെ കണ്ടാൽ അറിയില്ലെന്നായിരുന്നു സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ മൊഴി. ഇ.ചന്ദ്രശേഖരനും സമാന മൊഴിയാണ് നൽകിയത്. വിഷയം പാർട്ടി പരിശോധിക്കണമെങ്കിൽ പരിശോധിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്നതിനായി തുറന്ന ജീപ്പിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇ ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവരെ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചത്. സി.പി.എം നേതാക്കൾ മൊഴിമാറ്റിയതാണ് തന്നെ മര്‍ദിച്ച കേസ് തോല്‍ക്കാന്‍ കാരണമെന്ന് ഇ. ചന്ദ്രശേഖരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
''പ്രതികളായി കോടതിയിൽ നിൽക്കുന്നവരെല്ലാം എന്നെ ആക്രമിച്ചവരുടെ മുൻനിരയിലുണ്ടായിരുന്നതായാണ് ഞാൻ മൊഴി കൊടുത്തത്. എന്നാൽ അന്വേഷണഘടത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിന് മൊഴി കൊടുത്ത പി.ഡബ്ല്യൂ 10, പി.ഡബ്ല്യൂ 11, പി.ഡബ്ല്യൂ 12 ഉൾപ്പെടെ നാല് പ്രോസിക്യൂഷൻ സാക്ഷികൾ വിചാരണക്കിടെ കൂറുമാറി. ഈ കാര്യം കോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. പ്രതികളെ തിരിച്ചറിയേണ്ടിയിരുന്ന മേൽപ്പറഞ്ഞ സാക്ഷികൾ കൂറുമാറിയത് കേസിന് തിരിച്ചടിയായി എന്നാണ് മനസിലാക്കുന്നത്''. ഇ ചന്ദ്രശേഖരൻ സഭയിൽ പറഞ്ഞു. ഇതിനെ തള്ളിക്കൊണ്ടാണ് എം.വി ഗോവിന്ദന്‍ രംഗത്തെത്തിയത്.
അതേസമയം, ജനാധിപത്യ സംവിധാനത്തെ കളിയാക്കുന്ന സമീപനമാണ് നിയമസഭയിൽ പ്രതിപക്ഷത്തിന്റേതെന്ന് എം. വി ഗോവിന്ദൻ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നം ചർച്ച ചെയ്യരുതെന്ന പ്രതിപക്ഷത്തിന്റെ വാശിയാണ് നിയമസഭ വെട്ടി ചുരുക്കാൻ കാരണം. മുഖ്യമന്ത്രി സ്പീക്കറെ വിരട്ടിയെന്ന് പ്രതിപക്ഷം പറയുന്നത് രാഷ്ട്രീയമാണ്. പക്ഷപാതമായി അല്ല സ്പീക്കർ പെരുമാറുന്നത്. സഭയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ അതിന്റെതായ രീതിയുണ്ട്. എം.വി ഗോവിന്ദൻ പറഞ്ഞു.
വില കൂടുമെന്ന് പറഞ്ഞ് ബി ജെ പിക്ക് പുറകെ പാംപ്ലാനി പോയാൽ ചതിക്കപ്പെടും. മുൻ അനുഭവങ്ങൾ അങ്ങനെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16