Quantcast

സി.പി.ഐ ലോക്സഭാ സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനത്തോടെ; കരുത്തരെ ഇറക്കാന്‍ ആലോചന

തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    19 Feb 2024 2:52 AM GMT

CPI, LokSabhacandidates, LokSabhapolls2024, binoyviswam
X

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടായേക്കും. 26ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ പാർട്ടിക്കുള്ളില്‍ ഏകദേശ ധാരണയായിട്ടുണ്ട്.

തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്. തിരുവനന്തപുരവും വയനാടും ദേശീയശ്രദ്ധ ആകർഷിക്കുന്ന മണ്ഡലങ്ങളാണ്. തിരുവനന്തപുരത്ത് യു.ഡി.എഫിനുവേണ്ടി ശശി തരൂരും ബി.ജെ.പിക്ക് വേണ്ടി രാജീവ് ചന്ദ്രശേഖരനും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. പി.കെ വാസുദേവന്‍ നായരുടെ മരണത്തിനു ശേഷം 2005ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ വിജയിച്ച ശേഷം പിന്നീട് ഇതുവരെ ഇടത് മുന്നണിക്ക് തിരുവനന്തപുരത്ത് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.

ബാലികേറാമലയായ തിരുവനന്തപുരത്ത് ഇത്തവണ പന്ന്യന്‍ രവീന്ദ്രനെ ഇറക്കാനാണ് ആലോചന. എന്നാല്‍, മത്സരിക്കാനില്ലെന്ന നിലപാടിലാണ് പന്ന്യന്‍. പക്ഷേ, പാർട്ടിക്ക് മുന്നില്‍ മറ്റ് പേരുകളൊന്നുമില്ല. മാവേലിക്കര മണ്ഡലത്തില്‍ എ.ഐ.വൈ.എഫ് നേതാവ് സി.എ അരുണ്‍കുമാർ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മാവേലിക്കര മണ്ഡലം കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പരന്നുകിടക്കുന്നതാണ്. ഈ മൂന്നു ജില്ലകളിലെയും ജില്ലാനേതൃത്വത്തിനും അരുണിനോട് എതിർപ്പില്ല.

കേരളത്തില്‍ ഏറ്റവും ശക്തമായ തൃകോണമത്സരം നടക്കുന്നയിടമായിരിക്കും തൃശൂർ. കോണ്‍ഗ്രസിനുവേണ്ടി ടി.എന്‍ പ്രതാപനും ബി.ജെ.പിക്കു വേണ്ടി സുരേഷ് ഗോപിയും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. സീറ്റ് തിരികെപിടിക്കാന്‍ ജനകീയ മുഖമായ വി.എസ് സുനില്‍കുമാറായിരിക്കും സ്ഥാനാർത്ഥി കുപ്പായം ഇടുന്നത്. രാഹുല്‍ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധയിലെത്തിയ വയനാട്ടില്‍ ആനിരാജയെ ഇറക്കാനാണ് ആലോചന. ജില്ലാ കൗണ്‍സില്‍ തയാറാക്കുന്ന പേരുകള്‍ 26നു ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്യും.

Summary: The CPI Lok Sabha candidate list will be announced by the end of this month

TAGS :

Next Story