Quantcast

തിരുവനന്തപുരത്തെ സ്ഥാനാർഥിയെ സംബന്ധിച്ച് സി.പി.ഐയിൽ ആശയക്കുഴപ്പം; വി.എസ് സുനിൽകുമാർ തൃശൂരിൽ മത്സരിക്കാൻ സാധ്യത

പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടും സമീപകാലത്ത് ഒന്നും സി.പി.ഐ ജയിച്ച് കയറാത്ത ലോക്‌സഭാ മണ്ഡലമാണ് തിരുവനന്തപുരം.

MediaOne Logo

Web Desk

  • Published:

    2 Jan 2024 1:44 AM GMT

cpi loksabha election candidate probability
X

തിരുവനന്തപുരം: ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി ആയതോടെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെ സംബന്ധിച്ച് സി.പി.ഐയിൽ ആശയക്കുഴപ്പം. തൃശൂരിൽ വി.എസ് സുനിൽകുമാർ മത്സരിക്കാനുള്ള സാധ്യത വർധിച്ചെങ്കിലും മാവേലിക്കര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥിയെ സംബന്ധിച്ച് കാര്യമായ ചർച്ചകളൊന്നും ഇതുവരെ പാർട്ടിയിൽ ഉയർന്നിട്ടില്ല.

പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടും സമീപകാലത്ത് ഒന്നും സി.പി.ഐ ജയിച്ച് കയറാത്ത ലോക്‌സഭാ മണ്ഡലമാണ് തിരുവനന്തപുരം. പാർട്ടി സ്ഥാനാർഥിയേയും, പൊതു സ്വതന്ത്രരേയും എല്ലാം കളത്തിലിറക്കിയിട്ടും ശശി തരൂരിന് മുന്നിൽ വിജയക്കൊടി നാട്ടാൻ കഴിയാത്ത മണ്ഡലം. മുതിർന്ന നേതാവായ ബിനോയ് വിശ്വത്തെ ഇറക്കി ഇത്തവണ മത്സരം കടുപ്പിക്കാം എന്ന് കരുതിയിരുന്നപ്പോഴാണ് കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗം. ഇതോടെ ബിനോയ് സെക്രട്ടറിയുടെ കസേരയിലെത്തി, സംസ്ഥാന സെക്രട്ടറിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പതിവ് സി.പി.ഐക്കില്ല. നിനച്ചിരിക്കാതെ കിട്ടിയ സെക്രട്ടറി പദം ഒഴിഞ്ഞ് മത്സരത്തിനിറങ്ങാൻ ബിനോയ് വിശ്വം തയ്യാറാകാനും സാധ്യതയില്ല. പിന്നെയാര് എന്ന ചോദ്യമാണ് സി.പി.ഐയ്ക്കുള്ളിലുള്ളത്. ആനി രാജയുടെ പേര് നേരത്തെ ഉയർന്നു കേട്ടെങ്കിലും കാനം വിരുദ്ധ പക്ഷത്തായതുകൊണ്ട് അത് അന്ന് തന്നെ വെട്ടിയ പേരുകളുടെ കൂട്ടത്തിലായിരിന്നു. എന്നാൽ ഇപ്പോൾ അങ്ങനെയുള്ള പ്രശ്‌നം ഇല്ലാത്തതിനാൽ ആനി രാജയുടെയും മകൾ അപരാജിതയുടേയും പേരുകൾ പറഞ്ഞ് കേൾക്കുന്നുണ്ട്. ഇതല്ലെങ്കിൽ പൊതു സ്വതന്ത്രർ എന്ന പരീക്ഷണം വീണ്ടും നടത്തേണ്ടി വരും.

തൃശൂരിൽ മുൻ മന്ത്രി വി.എസ് സുനിൽകുമാർ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ബി.ജെ.പിക്ക് വേണ്ടി സുരേഷ് ഗോപി കൂടി വരുന്നതോടെ കേരളത്തിൽ എറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായി തൃശ്ശൂർ മാറും. മാവേലിക്കരയിൽ സി. അരുൺകുമാറിന്റെയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെയും പേരുകളാണ് കേൾക്കുന്നത്. കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലായിട്ടാണ് മാവേലിക്കര മണ്ഡലം പരന്ന് കിടക്കുന്നത്. ഇതുകൊണ്ട് ഈ ജില്ലാ കമ്മിറ്റികളുടെ അഭിപ്രായവും പരിഗണിച്ചായിരിക്കും സ്ഥാനാർഥിനിർണയം. വയനാട് മണ്ഡലമാണ് സി.പി.ഐയെ വട്ടം കറക്കുന്നത്. അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനീറും, സത്യൻ മൊകേരിയും പരാജയത്തിന്റെ രുചിയറിഞ്ഞത് വയനാട്ടിൽ നിന്നാണ്. രാഹുൽ ഗാന്ധി മത്സരിക്കാൻ വന്നാലും ഇല്ലെങ്കിലും അവിടെ ആരെ മത്സരിപ്പിക്കുമെന്ന ചോദ്യത്തിന് സി.പി.ഐ്ക്ക് ഇതുവരെ ഉത്തരമില്ല.

TAGS :

Next Story