സർക്കാരിനെതിരെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ കടുത്ത വിമർശനം
സഹകരണ മേഖലയിലെ തട്ടിപ്പിൽ നിക്ഷേപകർക്ക് പണം കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്ന് എക്‌സിക്യൂട്ടിവ് വിമർശിച്ചു
തിരുവനന്തപുരം: സർക്കാരിനെതിരെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ കടുത്ത വിമർശനം. പാർട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുകയാണ്. പണം ലഭിക്കാത്തത് മൂലം വകുപ്പുകളുടെ പ്രവർത്തനം അവതാളത്തിലാണ്. അതേസമയം സർക്കാരിൽ കടുത്ത ധൂർത്താണെന്നും എക്‌സിക്യുട്ടീവ് അംഗങ്ങൾ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയ്‌ക്കെതിരെയും കടുത്ത വിമർശനമാണുയർന്നിട്ടുള്ളത്. വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണ്. മുൻ മുഖ്യമന്ത്രിമാർ കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് അതിന് തയ്യാറാകുന്നില്ലെന്നും എക്‌സിക്യൂട്ടീവിൽ ചോദ്യമുയർന്നു.
സഹകരണ മേഖലയിലെ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. നിക്ഷേപകർക്ക് പണം മടക്കി കൊടുക്കുകയാണ് വേണ്ടത്. പണം കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്നും എക്‌സിക്യൂട്ടിവ് വിമർശിച്ചു. സർക്കാരിന്റെ മുൻഗണന മാറ്റണം. ഇപ്പോഴത്തെ മുൻഗണന ഇടതു സർക്കാരിന് ചേർന്നതല്ല. തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. അല്ലാത്തപക്ഷം വലിയ തിരിച്ചടി ഉണ്ടാകുമെന്നും സി.പി.ഐ എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
Adjust Story Font
16