സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മൂന്ന് മാസത്തേക്ക് അവധിക്ക് അപേക്ഷ നൽകി
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കാനം. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് വലതു കാൽപാദം മുറിച്ചു മാറ്റേണ്ടി വന്നിരിന്നു.
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മൂന്ന് മാസത്തേക്ക് അവധിക്ക് അപേക്ഷ നൽകി. പ്രമേഹത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കാനം. ഈ മാസം 30ന് ചേരുന്ന പാർട്ടി നിർവാഹകസമിതി അവധി അപേക്ഷ പരിഗണിക്കും. അവധി അപേക്ഷ പരിഗണിക്കുന്ന നിർവാഹക സമിതി പകരം താൽക്കാലിക സംവിധാനം ഒരുക്കും.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ കുറേ കാലമായി കാനം രാജേന്ദ്രൻ പാർട്ടിയിൽ സജീവമല്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കാനം. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് വലതു കാൽപാദം മുറിച്ചു മാറ്റേണ്ടി വന്നിരിന്നു. ആദ്യം മൂന്ന് വിരലുകൾ മുറിച്ചുമാറ്റിയെങ്കിലും അണുബാധ നിയന്ത്രിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് കാൽപാദം മുറിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കൃത്രിമ പാദം ഘടിപ്പിക്കുന്നതിന് ഉൾപ്പെടെ സമയം വേണ്ടിവരും. ഇതൊടെയാണ് കാനം മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നൽകിയത്.
കാനത്തിന്റെ ചികിത്സ തുടരുന്ന സാഹചര്യത്തിൽ ആക്ടിങ് സെക്രട്ടറിയായി ആരെയെങ്കിലും ചുമതലപ്പെടുത്തണോ എന്ന കാര്യവും നിർവാഹകസമിതി ചർച്ച ചെയ്യും. ഇക്കാര്യത്തിൽ കാനത്തിന്റെ നിലപാട് നിർണായകമാകും. തിരുവനന്തപുരം സമ്മേളനത്തിലാണ് കാനം തുടർച്ചയായി മൂന്നാം തവണയും സെക്രട്ടറിയായത്.
Adjust Story Font
16