ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിനായി പ്രത്യേക തന്ത്രം മെനയാൻ സി.പി.ഐ; വി.എസ്.സുനിൽ കുമാർ പരിഗണനയിൽ
സ്ഥാനാർത്ഥി നിർണയത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ കാക്കരുതെന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾ ആവശ്യപ്പെട്ടു
തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള പാർട്ടി സ്ഥാനാർത്ഥികളെ നേരത്ത പ്രഖ്യാപിക്കണമെന്ന് സി.പി.ഐയില്‍ ആവശ്യം. സ്ഥാനാർത്ഥി നിർണയത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ കാക്കരുതെന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾ ആവശ്യപ്പെട്ടു. തൃശൂർ തിരിച്ചു പിടിക്കാൻ പ്രത്യേക തെരഞ്ഞെടുപ്പ് തന്ത്രം ആവിഷ്കരിക്കാന്‍ സി.പി.ഐ തീരുമാനിച്ചു. തൃശ്ശൂരില്‍ വി.എസ് സുനില്‍കുമാറിനേയും മാവേലിക്കരയില്‍ എ.ഐ.വൈ.എഫ് നേതാവ് സി.എ അരുണ്‍കുമാറിനേയും മത്സരിപ്പിക്കാനാണ് ആലോചന.
തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ, വയനാട്, ഈ നാല് മണ്ഡലങ്ങളിലാണ് സി.പി.ഐ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വമ്പന്‍ പരാജയത്തില്‍ സി.പി.ഐയുടെ നാല് സീറ്റും കൂടി ഉള്‍പ്പെട്ടിരിന്നു. അത് കൊണ്ട് ഇത്തവണത്തെ സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്നാണ് ഇന്നലെ ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവില്‍ ഉയർന്ന ആവശ്യം.
മാർച്ച് അവസാനമോ എപ്രില്‍ ആദ്യമോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിന് അതുവരെ കാത്ത് നില്‍ക്കരുതെന്നാണ് എക്സിക്യൂട്ടീവില്‍ ഉണ്ടായ ആവശ്യം. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയും ഒരു ഘടകമാണ്. പുതിയ സാഹചര്യത്തിൽ നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും എക്സിക്യൂട്ടിവിൽ അഭിപ്രായമുണ്ടായി. അംഗങ്ങളുടെ ആവശ്യത്തോട് നേതൃത്വത്തിനും എതിരഭിപ്രായം ഇല്ലെന്നാണ് സൂചന.
അടുത്ത മാസം ആദ്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ തൃശ്ശൂരില്‍ വരുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തിന് കോണ്‍ഗ്രസ് തുടക്കം കുറിക്കും. അതിന് ശേഷം കഴിഞ്ഞ് തന്ത്രം തയാറാക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു..ബി.ജെ.പിക്ക് പിന്നാലെ കോൺഗ്രസും തൃശൂരിൽ വമ്പൻ പ്രചാരണം അഴിച്ചു വിടുന്ന സാഹചര്യത്തിലാണ് തീരുമാനം.
ബി.ജെ.പി - കോൺഗ്രസ് പ്രചാരണത്തോടെ തൃശൂരിലെ മത്സരം ദേശിയ ശ്രദ്ധയാകർഷിക്കും,ഇതുകൂടി കണക്കിലെടുത്താണ് തൃശൂർ മണ്ഡലത്തിനായി പ്രത്യേക പ്രചാരണ തന്ത്രം സി.പി.ഐ തയാറാക്കുന്നത്.
Adjust Story Font
16