സിപിഐ ഒരു തൊഴിലാളി സമരത്തേയും തള്ളിപറയില്ല: പി. സന്തോഷ്‌കുമാർ
ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് സന്തോഷ്‌കുമാർ പറഞ്ഞു

ന്യൂഡൽഹി: സിപിഐ ഒരു തൊഴിലാളി സമരത്തേയും തള്ളിപറയില്ലെന്ന് പി. സന്തോഷ്‌കുമാർ എംപി. എതിർത്തായാലും മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നും സന്തോഷ്‌കുമാർ പറഞ്ഞു. പാട്ടപ്പിരിവ് എന്നു പറഞ്ഞ് ആക്ഷേപിക്കാൻ പാടില്ലായിരുന്നുവെന്നും എംപി മീഡിയവണിനോട് പറഞ്ഞു.
'10 ലക്ഷം ആശാ വര്‍ക്കര്‍മാരില്‍ താരതമ്യേനെ ഏറ്റവും മാന്യമായ ശമ്പളം ലഭിക്കുന്ന വിഭാഗം കേരളമാണ്. സമീപ സംസ്ഥാനങ്ങളില്‍ 3500 രൂപ മുതല്‍ 5000 രൂപ വര കിട്ടുമ്പോള്‍ കേരളത്തില്‍ 10000 രൂപ വരെ കിട്ടുന്ന സാഹചര്യം ഉണ്ട്. ഇത് വര്‍ധിപ്പിക്കണോ എന്ന് ചോദിച്ചാല്‍ എനിക്ക് തര്‍ക്കം ഇല്ല. എന്നാല്‍ ഈ വസ്തുത നമ്മള്‍ കാണാതിരിക്കാന്‍ പാടില്ല'- സന്തോഷ്‌കുമാർ പറഞ്ഞു.
ആശാ വർക്കേഴ്സ് അസോസിയേഷൻ്റെ സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകൽ സമരം ഇരുപത്തിനാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ വാദപ്രതിവാദങ്ങളുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം ഏറ്റുമുട്ടുകയാണ്. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം നൽകാത്തത് സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണപരാജയമാണെന്നും കഴിവില്ലായ്മയാണെന്നും കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. എന്നാൽ 2023-24 വര്‍ഷത്തെ തുക നല്‍കാനില്ലെന്ന കേന്ദ്ര വാദം തെറ്റെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസും പറയുന്നു.
ഓണറേറിയം വർധിപ്പിക്കുക അടക്കമുള്ള ആവശ്യങ്ങൾ നടപ്പിലാകും വരെ സമരം തുടരാനാണ് ആശാപ്രവർത്തകരുടെ തീരുമാനം. സമരം നടത്തുന്ന ആശമാർക്കെതിരെ അധിക്ഷേപ പരാമർശം നടത്തുന്നവർക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകാനും ആശമാർ തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16