Quantcast

'കപട പരിസ്ഥിതിവാദി': ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനെതിരെ സി.പി.എം

ഹരീഷ് വാസുദേവനെ വിശ്വാസത്തിൽ എടുക്കാൻ കഴിയില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്

MediaOne Logo

Web Desk

  • Published:

    14 Jun 2023 9:38 AM GMT

കപട പരിസ്ഥിതിവാദി: ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനെതിരെ സി.പി.എം
X

ഇടുക്കി: മൂന്നാറിലെ നിർമാണ നിയന്ത്രണത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിക്ക് എതിരെ സി.പി.എം. അമിക്കസ് ക്യൂറിയായ ഹരീഷ് വാസുദേവൻ കപട പരിസ്ഥിതിവാദിയാണെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് ആരോപിച്ചു. ഹരീഷ് വാസുദേവനെ വിശ്വാസത്തിൽ എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയില്‍ ഗാഡ്‍ഗില്‍ വിഷയം ഉയര്‍ന്നുവന്നപ്പോള്‍ ജില്ലയെ പൂര്‍ണമായി വനഭൂമിയാക്കണമെന്ന നിലപാട് സ്വീകരിച്ചയാളാണ് ഹരീഷ് വാസുദേവനെന്ന് സി.വി വർഗീസ് പറഞ്ഞു. ഇടുക്കിയിലെ ജനങ്ങളുടെ സ്വസ്ഥത ഇല്ലാതാക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ട്. മൂന്നാര്‍ വിഷയത്തില്‍ കോടതിയെ സമീപിച്ച വൺ ലൈഫ് വൺ എർത്ത് വ്യാജ സംഘടനയാണെന്നും സി.വി വർഗീസ് ആരോപിച്ചു.

മൂന്നാറിൽ മൂന്ന് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമാണാനുമതി നൽകുന്നതിന് താൽക്കാലികമായി കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലക്കേർപ്പെടുത്തിയത്. വൺ എർത്ത് വൺ ലൈഫ് എന്ന എൻ.ജി.ഒ സമർപ്പിച്ച ഹരജിയിലാണ് നടപടി.

മൂന്നാറിൽ അനധികൃത കയ്യേറ്റം നടക്കുന്നുവെന്ന് ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. തുടര്‍ന്നാണ് പഠിക്കാൻ അമിക്കസ് ക്യൂറിയായി അഡ്വ ഹരീഷ് വാസുദേവനെ കോടതി നിയോഗിച്ചത്. മൂന്നാറിലെ വിഷയങ്ങൾ പരിഗണിക്കാനായി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പ്രത്യേകം രൂപീകരിച്ചിരുന്നു.


TAGS :

Next Story