എ.കെ.ജി സെന്‍ററിനു നേരെ ബോംബേറ്: പിന്നില്‍ കോണ്‍ഗ്രസെന്ന് സി.പി.എം
സംസ്ഥാനത്തെ കലാപ ഭൂമിയാക്കി ക്രമസമാധാന നില തകർക്കാനുള്ള ശ്രമമെന്ന് സി.പി.എം
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെ അർധരാത്രിയിൽ ബോംബേറ്. കോൺഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. സംസ്ഥാനത്തെ കലാപ ഭൂമിയാക്കി ക്രമസമാധാന നില തകർക്കാനുള്ള ആസൂത്രിത ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. പ്രതിഷേധവുമായി നൂറു കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങി.
പ്രധാന കവാടത്തിൽ പൊലീസ് കാവൽ നിൽക്കെയാണ് തൊട്ടടുത്ത ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന് മുൻപ് മറ്റൊരാൾ സ്കൂട്ടറിൽ വന്ന് നിരീക്ഷിച്ചു തിരിച്ചു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം.
ശബ്ദം കേട്ടാണ് നേതാക്കളടക്കമുള്ളവർ ഓടിയെത്തിയത്. കോൺഗ്രസാണ് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. കലാപമുണ്ടാക്കി സംസ്ഥാനത്ത് ക്രമസമാധാനം തകർക്കാൻ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.
രാത്രി തന്നെ പൊലീസ് ഫോറൻസിക് പരിശോധനയടക്കം പൂർത്തീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രമണ വിവരമറിഞ്ഞ് ഘടകകക്ഷി നേതാക്കളും എ.കെ.ജി സെന്ററിലേക്ക് എത്തി. ഡി.വൈ.എഫ്. ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
Adjust Story Font
16