Quantcast

തൃക്കാക്കരയില്‍ സസ്പെന്‍സ് വിടാതെ സി.പി.എം; തോമസ് ഐസകും പരിഗണനയില്‍

ഇന്ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും

MediaOne Logo

Web Desk

  • Published:

    5 May 2022 6:11 AM GMT

തൃക്കാക്കരയില്‍ സസ്പെന്‍സ് വിടാതെ സി.പി.എം; തോമസ് ഐസകും പരിഗണനയില്‍
X

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ് അരുൺ കുമാറിനൊപ്പം തോമസ് ഐസക് അടക്കമുള്ളവരും പരിഗണനയിലുണ്ട്. ഇന്ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷമാകും പ്രഖ്യാപനം. മണ്ഡലത്തിൽ പൊതുസ്വതന്ത്രനെ പരിഗണിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു മന്ത്രി പി രാജീവിന്‍റെ മറുപടി.

സംസ്ഥാനമാകെ അറിയപ്പെടുന്ന ഒരു നേതാവിനെ മത്സരിപ്പിക്കുക എന്ന ചിന്തയില്‍ നിന്നാണ് തോമസ് ഐസകിനെ കൂടി സി.പി.എം പരിഗണിക്കുന്നത്. അതേസമയം എറണാകുളത്ത് പരിചിതനായതുകൊണ്ട് അരുണ്‍ കുമാറിന്‍റെ പേരിനു തന്നെയാണ് ഇപ്പോഴും മുന്‍തൂക്കം. ഇന്നു ചേരുന്ന എല്‍.ഡി.എഫ് യോഗത്തിനു ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

പതിവിന് വിപരീതമായി തൃക്കാക്കരയിലെ സി.പി.എം സ്ഥാനാർഥി പ്രഖ്യാപനം നീളുകയാണ്. ഇന്നലെ ചേർന്ന സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ വിവിധ പേരുകൾ ചർച്ച ചെയ്തിരുന്നു. അവസാനം സി.പി.എം ജില്ലാ കമ്മറ്റി അംഗം അരുൺകുമാറിന്റെ പേരിലേക്കാണ് ചർച്ചകൾ ഏകീകരിച്ചത്. മുന്‍ കോളജ് അധ്യാപിക കൊച്ചു റാണി ജോസഫിന്റെ പേര് ചര്‍ച്ച ചെയ്തുവെങ്കിലും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് ഉണ്ടായത്. ഡി.വൈ.എഫ്.ഐ നേതാവ് പ്രിന്‍സി തോമസിന്റെ പേരും പരിഗണനക്കെടുത്തിരുന്നു.

പാര്‍ട്ടി തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചുവെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെ ഇ.പി ജയരാജന്‍ ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുന്നണി തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരുണ്‍കുമാറിന് വേണ്ടി ചുമരെഴുതിയത് നേതൃത്വം ഇടപെട്ട് തടഞ്ഞു.

അതിനിടെ കെ.വി തോമസ് എല്‍.ഡി.എഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് എന്‍.സി.പി സസ്ഥാന പ്രസിഡന്‍റ് പി.സി ചാക്കോ പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലാണ് പരാമര്‍ശം- "ഒരു രാഷ്ട്രീയ മത്സരത്തിന് യു.ഡി.എഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയിൽ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽകൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം" എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.


തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്, എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്, എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും, തോമസ് ഐസക്കിന്റെ പേരും പരിഗണനയിൽ

Posted by MediaoneTV on Wednesday, May 4, 2022


TAGS :

Next Story