ഏക സിവില്‍ കോഡിനെതിരായ സെമിനാര്‍: പ്രധാന മുസ്‍ലിം സംഘടനകള്‍ പങ്കെടുക്കും, ആദ്യ ഘട്ടം വിജയിച്ചെന്ന് സി.പി.എം വിലയിരുത്തല്‍
മുസ്‍ലിം സംഘടനകള്‍ക്കൊപ്പം പട്ടികജാതി, ഗോത്ര വർഗ വിഭാഗങ്ങളും സെമിനാറിന്‍റെ ഭാഗമാകും
തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ സെമിനാറില്‍ പ്രധാന മുസ്‍ലിം സംഘടനകള്‍ പങ്കെടുക്കാമെന്ന് ഉറപ്പ് നൽകിയതോടെ പ്രചാരണത്തിന്റെ ആദ്യ ഘട്ടം വിജയിച്ചതായി സി.പി.എം വിലയിരുത്തല്‍. മുസ്‍ലിം സംഘടനകള്‍ക്കൊപ്പം പട്ടികജാതി, ഗോത്ര വർഗ വിഭാഗങ്ങളും സെമിനാറിന്‍റെ ഭാഗമാകും. ഏക സിവില്‍ കോഡില്‍ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്‍റെ വ്യത്യസ്ത നിലപാട് ലീഗ് വിലയിരുത്തട്ടെയെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്.
ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട് സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ സമസ്തയുടെ രണ്ട് സംഘടനകളും പങ്കെടുക്കുമെന്ന് സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് സിവില്‍ കോഡെന്ന് വിലയിരുത്തുന്ന സി.പി.എമ്മിന് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് മുസ്‍ലിം ന്യൂനപക്ഷങ്ങളെ കൂടെ നിർത്താനുള്ള പ്രധാന ആയുധമായിട്ടാണ് യു.സി.സിയെ കാണുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട മുസ്‍ലിം സംഘടനകള്‍ സി.പി.എം പ്രതിരോധത്തിന്‍റെ ഭാഗമാകുമെന്ന് വ്യക്തമാക്കിയത് വലിയ നേട്ടമായിട്ടാണ് പാർട്ടി വിലയിരുത്തുന്നത്.
ലീഗിന്‍റെ പങ്കാളിത്തമുണ്ടാകുമെന്ന് സി.പി.എം കരുതുന്നില്ല. എന്നാല്‍ ഏക സിവില്‍ കോഡ് സംബന്ധിച്ച് കോണ്‍ഗ്രസ് വിവിധ സംസ്ഥാനങ്ങളില്‍ സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകള്‍ ലീഗ് വിലയിരുത്തട്ടെയാണ് സി.പി.എം പറയുന്നത്. യു.ഡി.എഫില്‍ വിഭജനമുണ്ടാക്കാനാണ് ലീഗിനെ ക്ഷണിച്ചതെന്ന വാദം നേതൃത്വം തള്ളുന്നു. കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള കൂട്ടായ്മയായിട്ടാണ് സെമിനാറിനെ കാണുന്നതെന്നാണ് സി.പി.എമ്മിന്‍റെ വാദം. മുസ്‍ലിം സംഘടനകള്‍ക്കൊപ്പം പട്ടികജാതി, ഗോത്ര വർഗ വിഭാഗങ്ങളും സെമിനാറിന്‍റെ ഭാഗമാകും. ഏക സിവില്‍കോഡ് പ്രാബല്യത്തില്‍ വന്നാല്‍ ബാധിക്കുന്ന മറ്റ് വിഭാഗങ്ങളെയും സെമിനാറിന്‍റെ ഭാഗമാക്കും.
Adjust Story Font
16