47 രാഷ്ട്രീയ കൊലപാതകങ്ങളിൽ 25ലും സിപിഎം പ്രതികൾ, പൊലീസ് അവർക്ക് തണലേകി: കെ സുധാകരൻ
സിപിഐഎമ്മിനെ ഭയപ്പെടാത്തത് കൊണ്ടാണ് മുസ്‌ലിം ലീഗ് മുഖ്യമന്ത്രിയുടെ ആക്രമണത്തിന് വിധേയമാകുന്നതെന്നും സുധാകരൻ
കേരളത്തിലെ 47 രാഷ്ട്രീയ കൊലപാതകങ്ങളിൽ 25ലും സിപിഎമ്മുകാരാണ് പ്രതികളെന്നും പൊലീസ് അവർക്ക് തണലേകിയെന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. സംസ്ഥാനത്ത് പൊലീസ് സംവിധാനമുണ്ടോയെന്ന് ചോദിച്ച സുധാകരൻ അവരെ അങ്ങനെ ആക്കിയത് ഗവണ്മെന്റാണെന്നും കുറ്റപ്പെടുത്തി. 'ആലപ്പുഴയിലെ കൊലപാതക സംഘം പോകുന്ന സിസിടിവി ദൃശ്യം എല്ലാവരും കണ്ടുവെങ്കിലും പൊലീസിന് തടയാനായില്ല. കേരളം ഇന്നുവരെ കാണാത്ത കൊലപാതകങ്ങളുടെ ഭീകരതയാണ് ഇപ്പോളുള്ളത്. എസ്ഡിപിഐയുടെ പ്രതികരണം ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. സിപിഎം ഫ്രാക്ഷൻ ഭരിക്കുന്ന പൊലീസിന്റെ കഴിവ് നഷ്ടപ്പെട്ടു' കെ. സുധാകരൻ പറഞ്ഞു.
കെ റെയിൽ പദ്ധതിയിൽ കമ്മീഷനാണ് സർക്കാർ ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം ആര് എതിർത്താലും പദ്ധതിയുമായി പോകുമെന്നു മുഖ്യമന്ത്രിക്ക് പറയാമോയെന്നും ജനത്തിന് ആ പദ്ധതി താത്പര്യമുണ്ടോയെന്നും ചോദിച്ചു. ജനങ്ങളുടെ ഭാഗം കേൾക്കണമെന്നും സർവേ നടത്താനാണ് യുഡിഎഫ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിൽ പാർട്ടിക്ക് വിരുദ്ധമായി നിലപാട് പറഞ്ഞ ശശി തരൂർ വിധേയനെങ്കിൽ പാർട്ടിയിൽ ഉണ്ടാകുമെന്നും ഒരേ ഒരു ശശി തരൂർ അല്ല കോണ്ഗ്രസെന്നും കെ സുധാകരൻ പറഞ്ഞു. പാർട്ടി തീരുമാനം കെ സുധാകരനും തരൂരിനും ഒരുപോലെയാണെന്നും ശശി തരൂർ വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിൽ വെള്ളം ചേർത്തത് ശരിയായില്ല എന്നാണ് ഇപ്പോഴുള്ള നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐഎമ്മിനെ ഭയപ്പെടാത്തത് കൊണ്ടാണ് മുസ്‌ലിം ലീഗ് മുഖ്യമന്ത്രിയുടെ ആക്രമണത്തിന് വിധേയമാകുന്നതെന്നും സുധാകരൻ പറഞ്ഞു. ഡിസംബർ 28 ന് കോൺഗ്രസ് ജന്മദിനം ആഘോഷിക്കുമെന്നും വിവിധകേന്ദ്രങ്ങളിൽ പദയാത്ര, ജനാധിപത്യ സംരക്ഷണ പ്രതിജ്ഞ എന്നിവയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പിടി തോമസിന്റെ വിയോഗം കനത്ത നഷ്ടമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. മൂന്നാം തിയ്യതി രാവിലെ 7.30ന് അദ്ദേഹത്തിന്റെ ചിതാഭസ്മം ഉപ്പുതോട്ടിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചു.
Adjust Story Font
16