സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം; വിഭാഗീയ പ്രശ്നങ്ങൾ ചർച്ചയാകും
കോവിഡ് പശ്ചാത്തലത്തിൽ പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക
സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. കോവിഡ് പശ്ചാത്തലത്തിൽ പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക. വിഭാഗീയത രൂക്ഷമായ ജില്ലയിൽ സംസ്ഥാന നേതൃത്വമെടുക്കുന്ന നിലപാടുകളാകും ശ്രദ്ധേയം.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള കണിച്ചുകുളങ്ങരയിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. പിന്നാലെ ജില്ലാ സെക്രട്ടറി ആർ. നാസർ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങൾ റിപ്പോർട്ടിലുണ്ടാകും.
ഐസക്- സുധാകര പക്ഷത്തിന് ശേഷമുള്ള പുതിയ നേതൃനിരയുടെ നീക്കങ്ങൾ ലോക്കൽ, ഏരിയ സമ്മേളനങ്ങൾ കലുഷിതമാക്കിയിരുന്നു. തർക്കങ്ങൾ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് ജില്ലാ സെക്രട്ടറി തന്നെ തുറന്നുപറയുകയും ചെയ്തു.
അതേസമയം, ജില്ലാ സെക്രട്ടറിയായി ആർ. നാസർ തുടരാനാണ് സാധ്യത. ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞതിനാൽ ജില്ലാ കമ്മിറ്റിയിൽ കാര്യമായ അഴിച്ചുപണിയുണ്ടാകും. യുവജന പ്രാതിനിധ്യം കൂടും. പാർട്ടി സംസ്ഥാന നേതൃത്വത്തിന് പോലും പരിഹാരിക്കാൻ കഴിയാത്ത വിഭാഗീയ പ്രശ്നങ്ങൾ ജില്ലയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയേക്കും.
Adjust Story Font
16