Quantcast

പൊന്നാനിയിലെ സി.പി.എം അച്ചടക്ക നടപടിയിൽ അമർഷം; ഏകപക്ഷീയമായ നടപടിയെന്ന് ആക്ഷേപം

ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം. സിദ്ദീഖിനെ ബ്രാഞ്ചിലേക്കു തരംതാഴ്‌ത്തിയ തീരുമാനമാണ് താഴേത്തട്ടിൽ ഭിന്നത രൂക്ഷമാക്കിയത്

MediaOne Logo

Web Desk

  • Published:

    9 Oct 2021 2:12 AM GMT

പൊന്നാനിയിലെ സി.പി.എം അച്ചടക്ക നടപടിയിൽ അമർഷം; ഏകപക്ഷീയമായ നടപടിയെന്ന് ആക്ഷേപം
X

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനിയിലെ അച്ചടക്ക നടപടിയിൽ സി.പി.എം പ്രവർത്തകർക്കിടയിൽ പ്രതിഷേധം. ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം. സിദ്ദീഖിനെ ബ്രാഞ്ചിലേക്കു തരംതാഴ്‌ത്തിയ തീരുമാനമാണ് താഴേത്തട്ടിൽ ഭിന്നത രൂക്ഷമാക്കിയത്. ഈ മാസം നടക്കുന്ന സി.പി.എം പൊന്നാനി ഏരിയാ സമ്മേളനത്തിന്‍റെ മുന്നൊരുക്കങ്ങൾക്കായി വിളിച്ചുചേർത്ത സംഘാടകസമിതി യോഗത്തിൽ നിന്ന് ലോക്കൽകമ്മിറ്റി സെക്രട്ടറിമാരും ഏരിയാകമ്മിറ്റിയംഗങ്ങളുമുൾപ്പെടെയുള്ളവർ വിട്ടുനിന്നു.

പൊന്നാനിയിലെ സ്ഥാനാർഥി നിർണയത്തിനെതിരായ പരസ്യ പ്രതിഷേധത്തിന്‍റെ പേരിലാണ് പൊന്നാനിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം സിദ്ദിഖ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ സി.പി.എം കടുത്ത നടപടി എടുത്തത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തെ മുന്നിൽ നിന്നു നയിക്കുകയും എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കുകയും ചെയ്‌ത ടി.എം. സിദ്ദീഖിനെതിരായ അച്ചടക്കനടപടി അംഗീകരിക്കാനാവില്ലെന്ന് പ്രവർത്തകരുടെ പൊതുവികാരം. ഏകപക്ഷീയമായ നടപടിയാണ് ടി.എം സിദ്ദീഖിനെതിരെയുണ്ടായതെന്നാണ് ആക്ഷേപം.

സി.പി.എം ഏരിയ സെന്‍റര്‍ അംഗത്തിന്‍റെ നേതൃത്വത്തിൽ ഒരു സംഘം ജില്ലാസെക്രട്ടറി ഇ.എൻ മോഹൻദാസിനെയും മുതിർന്ന അംഗം പാലോളി മുഹമ്മദ്‌കുട്ടിയെയും നേരിൽക്കണ്ടു പ്രതിഷേധം അറിയിച്ചതായും സൂചനയുണ്ട്. ഇതിനു തൊട്ടു പിന്നാലെയാണ് കഴിഞ്ഞ ദിവസം പൊന്നാനി എസ്.ബി. ഹാളിൽ വിളിച്ചുചേർത്ത ഏരിയ സമ്മേളനത്തിന്‍റെ സംഘാടകസമിതി യോഗത്തിൽനിന്നും നേതാക്കൾ വിട്ടുനിന്നത്. പെരുമ്പടപ്പ്, വെളിയങ്കോട്, എരമംഗലം, മാറഞ്ചേരി, ഈഴുവത്തിരുത്തി, ചെറുവായിക്കര, പൊന്നാനി, പൊന്നാനി നഗരം ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള നേതാക്കളും പല ബ്രാഞ്ച് സെക്രട്ടറിമാരും യോഗത്തിൽ നിന്നും വിട്ടു നിന്നു.

ബുധനാഴ്‌ച വെളിയങ്കോട്ട്‌ നടത്താനിരുന്ന കർഷകസംഘം പഞ്ചായത്ത് കൺവെൻഷനും മാറ്റിവെച്ചിരുന്നു. എന്നാൽ സംഘാടകസമിതി യോഗത്തിൽ ഏരിയ കമ്മറ്റി അംഗങ്ങൾ പങ്കെടുക്കാത്തതിൽ അസ്വാഭാവികതയില്ലെന്നും പൊന്നാനി നഗരം എൽ.സിക്ക് കീഴിലുള്ള ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പെടെ യോഗത്തിൽ പങ്കെടുത്തതായുമാണ് സി.പി.എം വിശദീകരണം.



TAGS :

Next Story