കായംകുളത്ത് വോട്ട് ചോർച്ച ഉണ്ടായിട്ടില്ല; യു. പ്രതിഭ എം.എൽ.എക്കെതിരെ സി.പി.എം ഏരിയാ കമ്മിറ്റി
തെരഞ്ഞെടുപ്പ് വീഴ്ച ചർച്ചയായപ്പോഴൊന്നും പ്രതിഭ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല. ഇപ്പോൾ പരസ്യമായി ആരോപണം ഉന്നയിക്കുന്നത് കടുത്ത അച്ചടക്കലംഘനമാണെന്നാണ് ഏരിയാ കമ്മിറ്റിയുടെ നിലപാട്.
കായംകുളത്ത് തനിക്കെതിരെ ഒരു വിഭാഗം പ്രവർത്തിച്ചെന്ന യു. പ്രതിഭ എം.എൽ.എയുടെ ആരോപണങ്ങൾ സി.പി.എം നേതൃത്വം തള്ളി. കായംകുളത്ത് വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്നും വോട്ട് കൂടിയെന്നും ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷൻ പറഞ്ഞു. പ്രതിഭക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഏരിയാ കമ്മിറ്റി.
കായംകുളത്ത് തന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിച്ചു. അവരിപ്പോൾ പാർട്ടിയിൽ സർവ സമ്മതരായി നടക്കുകയാണ്. പല മണ്ഡലങ്ങളിലും വോട്ട് ചോർച്ച പരിശോധിച്ചപ്പോഴും കായംകുളത്തിന്റെ കാര്യത്തിൽ ഒരു പരിശോധനയും ഉണ്ടായില്ലെന്നും പ്രതിഭ ആരോപിച്ചിരുന്നു.
എന്നാൽ നേരത്തെ തെരഞ്ഞെടുപ്പ് വീഴ്ച ചർച്ചയായപ്പോഴൊന്നും പ്രതിഭ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല. ഇപ്പോൾ പരസ്യമായി ആരോപണം ഉന്നയിക്കുന്നത് കടുത്ത അച്ചടക്കലംഘനമാണെന്നാണ് ഏരിയാ കമ്മിറ്റിയുടെ നിലപാട്. ജില്ലാ കമ്മിറ്റിക്കും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ പ്രതികരണം ഉടനുണ്ടാവുമെന്നാണ് സൂചന.
Adjust Story Font
16