Quantcast

‘കാഫിർ സ്ക്രീൻഷോട്ട്’ ഫേസ്ബുക്കിൽനിന്ന് നീക്കാതെ സി.പി.എം ഏരിയാ സെക്രട്ടറി

‘എവിടേക്കാ ലീഗേ നിങ്ങളീ നാടിനെ കൊണ്ടുപോകുന്നത്’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്

MediaOne Logo

Web Desk

  • Updated:

    2024-08-16 12:44:41.0

Published:

16 Aug 2024 12:39 PM GMT

mp shibu payyoli
X

കോഴിക്കോട്: വടകരയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘കാഫിർ സ്ക്രീൻഷോട്ട്’ ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബർ ​ഗ്രൂപ്പുകളിലാണെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നിട്ടും പോസ്റ്റ് ഇപ്പോഴും ഫേസ്ബുക്കിൽനിന്ന് നീക്കാതെ സി.പി.എം ഏരിയാ സെക്രട്ടറി. പയ്യോളി ഏരിയാ സെക്രട്ടറി എം.പി. ഷിബുവാണ് സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.

‘എവിടേക്കാ ലീഗേ നിങ്ങളീ നാടിനെ കൊണ്ടുപോകുന്നത്. വടകരയുടെ മണ്ണ് മതനിരപേക്ഷതയുടേതാണ്. അത് വടകരക്കാർ ടീച്ചറെ വിജയിപ്പിച്ച് തെളിയിക്കുക തന്നെ ചെയ്യും’ -എന്ന കുറിപ്പോടെയാണ് അദ്ദേഹം സ്ക്രീൻഷോട്ട് ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് ഏപ്രിൽ 25ന് പങ്കുവെച്ചത്.

പി.കെ. മുഹമ്മദ് കാസിം എന്ന മുസ്‍ലിം ലീഗ് പ്രവർത്തകന്റെ പേരിലാണ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത്. സംഭവം വലിയ വിവാദമായതോടെ സ്ക്രീൻഷോട്ട് പങ്കുവെച്ചിരുന്ന മുൻ എം.എൽ.എ കെ.കെ. ലതിക ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിൽനിന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. ​സ്ക്രീൻഷോട്ടിനെതിരെ മുഹമ്മദ് കാസിം പൊലീസിൽ പരാതിയും നൽകി.

കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്നാണ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. വടകര സി.ഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. 'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

2024 ഏപ്രിൽ 25ന് വൈകീട്ട് മൂന്നിനാണ് 'അമ്പാടിമുക്ക് സഖാക്കൾ' എന്ന പേജിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിൻ മനീഷിനെ ചോദ്യം ചെയ്തപ്പോൾ 'റെഡ് ബറ്റാലിയൻ' എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഏപ്രിൽ 25 ഉച്ചക്ക് 2.34നാണ് 'റെഡ് ബറ്റാലിയൻ' ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമൽ റാം എന്ന വ്യക്തിയാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. 'റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്.

രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. ഇയാളുടെ ഫോൺ വിശദമായ പരിശോധനക്ക് നൽകിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ എന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.

TAGS :

Next Story