മുസ്‍ലിം ഐക്യം തകർക്കാൻ സിപിഎമ്മിന്റെ കുത്സിതശ്രമം: സാദിഖലി ശിഹാബ് തങ്ങൾ
കേരളത്തിൽ വർഗീയത വിലപ്പോവില്ലെന്ന ബോധ്യം ഉള്ളതിനാൽ മതനിരപേക്ഷതയുടെ ലേബലിലാണ് മതനിരാസം പ്രചരിപ്പിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ ആരോപിച്ചു
മുസ്‍ലിം ഐക്യം തകർത്ത് കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കാനുള്ള ശ്രമമാണ് സിപിഎമ്മും സംസ്ഥാന സർക്കാറും നടത്തുന്നതെന്ന് മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മതവിശ്വാസങ്ങൾ കമ്മ്യൂണിസത്തിനെതിരായതുകൊണ്ട് മതനിരാസത്തിലൂടെ പുതുതലമുറയെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് മാർക്‌സിസ്റ്റ് പാർട്ടിയുടെ കണക്കുകൂട്ടലെന്നും അദ്ദേഹം ആരോപിച്ചു. മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.
കേരളത്തിൽ വർഗീയത വിലപ്പോവില്ലെന്ന ബോധ്യം ഉള്ളതിനാൽ മതനിരപേക്ഷതയുടെ ലേബലിലാണ് മതനിരാസം പ്രചരിപ്പിക്കുന്നത്. ഇന്ന് ക്യാംപസുകളിൽ പോലും രാഷ്ട്രീയം പറയാതെ പ്രണയവും സ്വതന്ത്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന പ്രവണതയ്ക്ക് അവർ കനത്തവില നൽകേണ്ടിവരുമെന്നും തങ്ങൾ ഓർമിപ്പിച്ചു.
മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പിഎംഎ സലാം, സെക്രട്ടറി ടിഎം സലീം പ്രസംഗിച്ചു. മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറർ പി ഇസ്മായിൽ, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, കെഎ മാഹീൻ, സെക്രട്ടറിമാരായ സികെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽകളത്തിൽ, ടിപിഎം ജിഷാൻ വിവിധ പദ്ധതികൾ അവതരിപ്പിച്ചു. എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്റഫലി, സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മുസ്‍ലിം ലീഗ് കൊല്ലം ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫീക്കർ സലാം, എറണാകുളം ജില്ലാ വർക്കിങ് പ്രസിഡന്റ് അഡ്വ. വിഇ അബ്ദുൽ ഗഫൂർ, ഇടുക്കി ജില്ലാ ട്രഷറർ കെഎസ് സിയാദ് ക്യാമ്പിനെ അഭിവാദ്യം ചെയ്തു.
Adjust Story Font
16