'തുറമുഖം വേണം'; വിഴിഞ്ഞത്ത് സിപിഎം-ബിജെപി നേതാക്കൾ ഒരേ വേദിയിൽ
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി നേതാവ് വിവി രാജേഷുമാണ് വേദി പങ്കിട്ടത്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരക്കാർക്കതിരെ സിപിഎമ്മും ബിജെപിയും ഒന്നിക്കുന്നു. തുറമുഖം വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന മാർച്ചിന്റെ സമാപന വേദിയിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി നേതാവ് വിവി രാജേഷും വേദി പങ്കിട്ടു. വിഴിഞ്ഞം സമരസമിതിക്കെതിരെയുള്ള സമരത്തെ പിന്തുണയ്ക്കുമെന്ന് സിപിഎം ആനാവൂർ നാഗപ്പൻ പറഞ്ഞു.
സമരസമിതിക്കെതിരെ കടുത്ത വിയോജിപ്പാണ് ഭരണപക്ഷത്തിനുള്ളത്. കലാപത്തിനുള്ള ശ്രമമാണെന്നാണ് മന്ത്രിമാരടക്കമുള്ളവരുടെ ആരോപണം. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമര സമിതിക്ക് ബദലായാണ് തുറമുഖത്തിനനുകൂലമായ പുതിയ സമംര സമിതി രൂപപ്പെട്ടിരിക്കുന്നത്.
അതേസമയം, വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നതായുള്ള ആരോപണങ്ങൾ സമരസമിതി തള്ളിക്കളഞ്ഞു. സമരത്തിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്നായിരുന്നു ആരോപണം. നൂറുദിവസം പിന്നിട്ട അതിജീവന സമരത്തെ നിർവീര്യമാക്കാൻ തൽപരകക്ഷികൾ നിഗൂഢ ഇടപെടലുകൾ നടത്തുകയാണെന്ന് വിഴിഞ്ഞം സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര ആരോപിച്ചു. സമരത്തിന്റെ പേരിൽ ആരെങ്കിലും വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തണം. വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവർക്ക് സമരവുമായി നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമരത്തിന്റെ ഭാഗമായ ഒരു നേതാവിന്റെയും ഭാര്യയുടെയും അക്കൗണ്ടിൽ വിദേശത്തുനിന്ന് 11 കോടി രൂപ എത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സമരസമിതി നേതാവ് എ.ജെ വിജയന്റെയും ഭാര്യ ഏലിയാമയ്യയുടെയും അഞ്ചുവർഷത്തെ ബാങ്ക് ഇടപാടുകൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
Adjust Story Font
16