Quantcast

'ചെർപ്പുളശ്ശേരി സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നു'; സ്ഥിരീകരിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

പാർട്ടി മുഴുവൻ കാര്യങ്ങളും പരിഹരിക്കുമെന്നാണു വിശ്വാസമെന്ന് സിപിഎം വല്ലപ്പുഴ ഗേറ്റ് ബ്രാഞ്ച് സെക്രട്ടറി താഹിർ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    12 Oct 2024 6:25 AM GMT

ചെർപ്പുളശ്ശേരി സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നു; സ്ഥിരീകരിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി
X

പാലക്കാട്: ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്കിൽ തട്ടിപ്പ് നടന്നെന്ന് സ്ഥിരീകരിച്ച് സിപിഎം നേതാവ്. വല്ലപ്പുഴ ഗേറ്റ് ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് താഹിർ ആണ് ഇക്കാര്യം മീഡിയവണിനോട് വെളിപ്പെടുത്തിയത്. ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പരാതി നൽകിയിട്ടുണ്ടെന്ന് താഹിർ പറഞ്ഞു. പാർട്ടി മുഴുവൻ കാര്യങ്ങളും പരിഹരിക്കുമെന്നു തന്നെയാണു വിശ്വാസമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

സിപിഎം ഭരണസമിതി നേതൃത്വം നൽകുന്ന ചെർപ്പുളശ്ശേരി സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായവരിൽ താഹിറും ഉൾപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. താഹിറിന്റെ പേരിൽ ഒന്നര ലക്ഷം രൂപ വായ്പ വ്യാജമായി എടുത്തെന്നാണു പരാതി. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ താഹിർ നേരിട്ടത് മോശം അനുഭവമായിരുന്നു. ഇതേതുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ്.

2020ൽ ചെർപ്പുളശ്ശേരി സ്വദേശിയായ അബ്ദുൾ അസീസ് എന്ന വ്യക്തി താഹിറിനോട് 5,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെനൽകാനായി താഹിറിന്റെ ചെർപ്പുളശ്ശേരി അർബൻ സഹകരണ ബാങ്കിലെ അക്കൗണ്ട് നമ്പർ ആവശ്യപ്പെട്ടു. എന്നാൽ, വിവരങ്ങൾ നൽകിയ ശേഷം അക്കൗണ്ടിലേക്ക് ഒരുലക്ഷം രൂപയാണ് എത്തിയത്. കടം വാങ്ങിയ തുക എടുത്ത് ബാക്കി പിൻവലിച്ച് തനിക്ക് നൽകാൻ അസീസ് ആവശ്യപ്പെടുകയും താഹിർ 95,000 രൂപ നൽകുകയും ചെയ്തിരുന്നു. ഇതായിരുന്നു തട്ടിപ്പിന്റെ ആദ്യഘട്ടം.

രണ്ടു വർഷത്തിനുശേഷം താഹിറിന് ബാങ്കിൽനിന്ന് നോട്ടീസ് ലഭിച്ചു. ഒരു ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും പലിശ സഹിതം 1,50,000 തിരിച്ചടയ്ക്കണമെന്നുമായിരുന്നു നോട്ടീസിൽ ആവശ്യപ്പെട്ടത്. പരാതിയുമായി താഹിർ ബാങ്കിലെത്തുകയും വായ്പ എടുക്കാത്തതിനാൽ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് അന്നത്തെ ഡയറക്ടർ താഹീറിന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ, 2024ൽ വീണ്ടും നോട്ടീസ് ലഭിച്ചു. ഇതോടെയാണ് തട്ടിപ്പിനിരയായതെന്ന് താഹിർ തിരിച്ചറിയുന്നത്.

പ്രശ്‌നം താഹിർ പാർട്ടിയിൽ ഉന്നയിച്ചതോടെ ഒത്തുതീർപ്പിനെത്തിയ അസീസ് ബാങ്കിലേക്ക് തുക തിരിച്ചടച്ചു. അന്വേഷണത്തിൽ സമാനമായ രീതിയിൽ നിരവധി പേർ വായ്പാ തട്ടിപ്പിനിരയായതായി തെളിയുകയും ചെയ്തു. ചെർപ്പുളശ്ശേരി സിഐക്ക് താഹിർ പരാതി നൽകിയിട്ടും ഇതുവരെ എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. പരാതിയുടെ ഭാഗമായി തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സിഐ മോശമായി പെരുമാറിയെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ താഹിർ ആരോപിച്ചു.

Summary: CPM Vallappuzha Gate Branch Secretary Muhammad Thahir confirms scam in Cherpulassery Cooperative Urban Bank

TAGS :

Next Story