Quantcast

ക്വാറി നടത്തിപ്പുകാരോട് 2 കോടി രൂപ ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി; ഫോൺ സംഭാഷണം പുറത്ത്‌

ഫോണ്‍ സംഭാഷണം പാര്‍ട്ടി പരിശോധിക്കുമെന്ന് ബാലുശ്ശേരി ഏരിയ കമ്മിറ്റി

MediaOne Logo

Web Desk

  • Updated:

    1 July 2023 5:45 AM

Published:

1 July 2023 4:03 AM

CPM branch secretary has demanded Rs 2 crore from quarry operators
X

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ ക്വാറി നടത്തിപ്പുകാരോട് രണ്ട് കോടി രൂപ ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം.രാജീവനാണ് പണം ആവശ്യപ്പെട്ടത്. ക്വാറി നടത്തിപ്പുകാരുമായി രാജീവൻ നടത്തിയ ഫോൺ സംഭാഷണം പുറത്തായി.

പരാതിയില്ലാതെ ക്വാറി നടത്താനാണ് പണം ആവശ്യപ്പെട്ടത്. രണ്ട് കോടി രൂപ നൽകുകയാണെങ്കിൽ തന്റെയും മറ്റൊരാളുടെയും വീടും സ്ഥലവും നൽകാമെന്നും വിജിലൻസിന് നൽകിയിരിക്കുന്ന പരാതി പിൻവലിക്കാമെന്നുമാണ് ഫോൺ സംഭാഷണം. രണ്ട് വീടിനും കൂടി ഒരു കോടി രൂപ പോലുമാവില്ലല്ലോ എന്ന ക്വാറി പ്രതിനിധിയുടെ സംശയം സമ്മതിക്കുന്ന തരത്തിൽ രാജീവൻ സംസാരിക്കുന്നതായും ഓഡിയോയിൽ കേൾക്കാം.

നിയമപ്രകാരമാണ് ക്വാറി നടത്തിക്കൊണ്ടു പോകുന്നതെന്ന് ഉടമ പറയുമ്പോൾ, പഞ്ചായത്തിൽ നിന്നും മറ്റും നിരവധി രേഖകൾ ക്വാറിക്കെതിരായി ശേഖരിച്ചിട്ടുണ്ടെന്നാണ് രാജീവന്റെ മറുപടി. രണ്ട് കോടി കൈമാറുകയാണെങ്കിൽ ഈ രേഖകൾ വിജിലൻസിന് കൈമാറാതെ ക്വാറി കമ്പനിക്ക് നൽകാമെന്നാണ് ഇയാൾ വ്യവസ്ഥ വയ്ക്കുന്നത്. ക്വാറിക്ക് സമീപമുള്ള രാജീവന്റെയും മറ്റൊരാളുടെയും വീടിനും ക്വാറിക്കെതിരെ ശേഖരിച്ചു എന്ന് പറയുന്ന തെളിവുകൾക്കുമാണ് രണ്ട് കോടി രൂപ.

ഫോണ്‍ സംഭാഷണം പാര്‍ട്ടി പരിശോധിക്കുമെന്നാണ് ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ പ്രതികരണം. സംഭവത്തെത്തുടർന്ന് രാജീവനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുമെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. ബ്രാഞ്ച് കമ്മിറ്റിയുടെ ശിപാർശ വൈകിട്ട് ചേരുന്ന കാന്തലാട് ലോക്കൽ കമ്മിറ്റി അംഗീകരിക്കും.

TAGS :

Next Story