'കൈയേറ്റ ഭൂമിയിലെ സി.പി.എം ഓഫീസുകൾ പൊളിക്കാതിരിക്കാൻ കലക്ടറും സി.പി.എമ്മും തമ്മില്‍ ഒത്തുകളി'; ആരോപണവുമായി കോണ്‍ഗ്രസ്
''കൈയേറ്റ ഭൂമിയിലുള്ള പാർട്ടി ഓഫീസുകൾ സംരക്ഷിക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെങ്കില്‍ അത് പൊളിക്കാനാണ് സി.പി.ഐയുടെ നീക്കം.''
ഇടുക്കി: മൂന്നാറിലെ കൈയേറ്റ വിഷയത്തിൽ ഇടുക്കി കലക്ടർ ഷീബ ജോര്‍ജിനെതിരെ ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു. കലക്ടർ സി.പി.എമ്മിന്റെ സന്തതസഹചാരി. കൈയേറ്റ ഭൂമിയിലെ സി.പി.എം ഓഫീസുകൾ പൊളിക്കാതിരിക്കാൻ കലക്ടറും സി.പി.എം ജില്ലാ സെക്രട്ടറിയും ഒത്തുകളിക്കുകയാണെന്നും മാത്യു 'മീഡിയവണി'നോട് പറഞ്ഞു.
ദൗത്യസംഘത്തിനെതിരെ പ്രതിഷേധിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പറയുന്നത് ആളുകളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ പാർട്ടി ഓഫീസുകൾ കൈയേറ്റ ഭൂമിയിലാണെങ്കിൽ പൊളിക്കാം. വെറുതെ പൊളിക്കാൻ വന്നാൽ വരുന്നവർ വന്ന വഴി പോകില്ലെന്നും സി.പി മാത്യു മുന്നറിയിപ്പ് നല്‍കി.
സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ചക്കളത്തിപ്പോര് നടത്തുകയാണ്. കൈയേറ്റ ഭൂമിയിലുള്ള പാർട്ടി ഓഫീസുകൾ സംരക്ഷിക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. അത് പൊളിപ്പിക്കുകയാണ് സി.പി.ഐയുടെ ലക്ഷ്യമെന്നും സി.പി മാത്യു കൂട്ടിച്ചേര്‍ത്തു.
Summary: Idukki DCC President CP Mathew alleged that Collector Sheeba George and CPM District Secretary are colluding to prevent the demolition of CPM offices on the encroached land in Munnar.
Adjust Story Font
16