Quantcast

അഫ്ഗാനില്‍ നടന്നത് അമേരിക്കയുടെ നാണംകെട്ട തോല്‍വി: സി.പി.എം, സി.പി.ഐ

അഫ്ഗാനില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ നിലവില്‍ വരാന്‍ പ്രാദേശിക ശക്തികളുമായി ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കണം.

MediaOne Logo

Web Desk

  • Published:

    18 Aug 2021 5:01 PM GMT

അഫ്ഗാനില്‍ നടന്നത് അമേരിക്കയുടെ നാണംകെട്ട തോല്‍വി: സി.പി.എം, സി.പി.ഐ
X

അഫാഗനിസ്ഥാനിലെ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ താലിബാന്‍ ഭരണകൂടം മാനിക്കണമെന്ന് ഇടതുപാര്‍ട്ടികള്‍. അഫ്ഗാനില്‍ സംഭവിച്ചത് അമേരിക്കയുടെ നാണംകെട്ട തോല്‍വിയാണെന്നും സി.പി.ഐയും സി.പി.എമ്മും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

താലിബാനെ അട്ടിമറിച്ച് രണ്ടു പതിറ്റാണ്ടിന് ശേഷം അവര്‍ വീണ്ടും അധികാരത്തില്‍ എത്തിയിരിക്കുന്നു. അമേരിക്കയുടെയും നാറ്റോ സഖ്യകക്ഷികളുടെയും നിയന്ത്രണത്തില്‍ സ്ഥാപിച്ച അഫ്ഗാന്‍ ഭരണകൂടത്തിന്റെ പൊള്ളത്തരമാണ് താലിബാന്റെ അധികാര ആരോഹണത്തിലൂടെ വെളിവായതെന്നും പാര്‍ട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

1990 കളിലെ താലിബാന്‍ ഭരണം തീവ്ര മൗലികവാദ സമീപനം കൊണ്ട് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വംശീയ ന്യൂനപക്ഷങ്ങള്‍ക്കും വിനാശകരമായ കാലമായിരുന്നു. നിലവിലെ താലിബാന്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ അവകാശങ്ങളും അധികാരങ്ങളും അംഗീകരിച്ചുകൊടുക്കണം.

അഫ്ഗാനില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ നിലവില്‍ വരാനും, ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനും ഇന്ത്യ പ്രാദേശിക ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. അഫ്ഗാനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ മുഴുവന്‍ ഒഴുപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇടതുപാര്‍ട്ടികള്‍ പ്രസ്താവനയില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്നിവർ പുറത്തിറക്കുന്ന

സംയുക്ത പ്രസ്താവന:

"അഫ്ഘാനിസ്ഥാൻ സാഹചര്യത്തെക്കുറിച്ച്"

അഫ്ഘാനിസ്ഥാനിൽ അമേരിക്ക നാണംകെട്ട തോൽവി ഏറ്റു വാങ്ങിയിരിക്കുന്നു. അന്നത്തെ താലിബാൻ ഭരണകൂടം അട്ടിമറിക്കപ്പെട്ടതിന് ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയിരിക്കുന്നു.

അഷ്റഫ് ഗനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിന്റെയും ദേശീയ സൈന്യത്തിന്റെയും തകർച്ച അമേരിക്കയുടെയും അവരുടെ നാറ്റോ സഖ്യകക്ഷികളുടെയും നിയന്ത്രണത്തിൽ സ്ഥാപിച്ച അഫ്ഘാൻ ഭരണകൂടത്തിന്റെ സ്വഭാവത്തിന്റെ പൊള്ളത്തരം തുറന്നു കാണിച്ചിരിക്കുന്നു.

ഇന്ത്യൻ സർക്കാരിന്റെ അഫ്ഗാൻ നയം അന്ധമായി അമേരിക്കയെ പിന്തുടരുക എന്നതായിരുന്നു. അതിനാൽ തന്നെ ഇന്ത്യ ഈ മേഖലയിൽ ഒറ്റപ്പെടുകയും നിലവിൽ വളരെ കുറച്ചു നയതന്ത്ര വഴികൾ മാത്രമുള്ള സ്ഥിതിയിലേക്ക് എത്തുകയും ചെയ്തു.

1990 കളിലെ ആദ്യകാല താലിബാൻ സർക്കാർ അവരുടെ തീവ്ര മൗലികവാദ സമീപനം കൊണ്ട് സ്ത്രീകൾക്കും പെൺകുട്ടികൾക്കും അടിച്ചമർത്തപ്പെട്ട വംശീയ ന്യൂനപക്ഷങ്ങൾക്കും വിനാശകരമായ കാലത്തെയാണ് അടയാളപ്പെടുത്തിയത്.

താലിബാൻ നിയന്ത്രിക്കുന്ന പുതിയ സംവിധാനം സ്ത്രീകളുടെയും മത ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും അധികാരങ്ങളും അംഗീകരിക്കേണ്ടത് അനിവാര്യതയാണ്.

അഫ്ഗാനിസ്ഥാൻ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുടെ അഭയകേന്ദ്രമാകരുതെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക ആഗസ്ത് 16ന് അഫ്ഘാൻ വിഷയവുമായി ബന്ധപെട്ടു ചേർന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിന്റെ അടിയന്തിര യോഗം കൂട്ടായി പ്രകടിപ്പിക്കുകയുണ്ടായി.

അഫ്ഘാനിൽ സ്ഥിരതയുള്ള സർക്കാരും സാധാരണ ജനങ്ങൾക്ക് സുരക്ഷിതവും സമാധാന പൂർണവുമായ ജീവിതവും ഉറപ്പു വരുത്താൻ ഇന്ത്യ പ്രധാന പ്രാദേശിക ശക്തികളുമായി ചേർന്ന് പ്രവർത്തിക്കണം. അതോടൊപ്പം അഫ്‌ഘാനിൽ ഉടൻ

കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.

TAGS :

Next Story